ബാറ്റിംഗിന് ഒപ്പം കോഹ്‌ലിയുടെ നാക്കും ടീമിന് ബാദ്ധ്യത ആവുന്നു!

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ബാറ്റര്‍ ജോണി ബെയര്‍‌സ്റ്റോയെ സ്ലെഡ്ജ് ചെയ്ത് വിരാട് കോഹ്ലിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. നാക്ക് മാറ്റി ബാറ്റുകൊണ്ട് മൈതാനത്ത് അഗ്രഷന്‍ കാണിക്കാനാണ് കോഹ്‌ലിയോട് ക്രിക്കറ്റ് പ്രേമികള്‍ പറയുന്നത്. ഇംഗ്ലണ്ട് തകര്‍ന്ന് തരിപ്പണമാകുമ്പോഴും ബെയര്‍‌സ്റ്റോ ഇന്ത്യന്‍ ബോളര്‍മാരെ കടന്നാക്രമിച്ച് സെഞ്ച്വറി നേടിയ സാഹചര്യവും ക്രിക്കറ്റ് പ്രേമികളെ കോഹ്‌ലിയ്ക്ക് നേരെ തിരിച്ചിട്ടുണ്ട്.

അഞ്ചാം ടെസ്റ്റിന്റെ രണ്ടാം ദിനമാണ് കോഹ്‌ലി ജോണി ബെയര്‍‌സ്റ്റോയെ ആദ്യം സ്ലെഡ്ജ് ചെയ്തത്. ബെയര്‍‌സ്റ്റോ ക്രീസിലെത്തിയതിന് പിന്നാലെയായിരുന്നു ഇത്. ഇത് സ്റ്റംപ് മൈക്ക് പിടിച്ചെടുക്കുകയും ചെയ്തു. ഇംഗ്ലണ്ട് ബാറ്റ് ചെയ്ത 14ാം ഓവറിലാണ് സംഭവം. ‘ടിം സൗത്തിയുടെ പന്തിനെക്കാളും അല്‍പ്പം കൂടി വേഗം തോന്നുന്നുണ്ടല്ലെ’ എന്നാണ് കോഹ്ലി ബെയര്‍‌സ്റ്റോയോട് ചോദിച്ചത്. എന്നാല്‍ ബെയര്‍‌സ്റ്റോ ഇതിനോട് പ്രതികരിച്ചില്ല.

ഇന്ത്യക്കെതിരായ മത്സരത്തിന് മുമ്പ് ന്യൂസീലന്‍ഡിനെതിരായ പരമ്പര തൂത്തുവാരിയാണ് ഇംഗ്ലണ്ട് എത്തിയത്. ന്യൂസീലന്‍ഡിനെതിരേ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് ബെയര്‍‌സ്റ്റോ കാഴ്ചവെച്ചത്. അതിനാലാണ് ന്യൂസീലന്‍ഡ് പേസര്‍ സൗത്തിയുടെ പേരില്‍ കോഹ്ലി സ്ലെഡ്ജ് ചെയ്തത്.

ഇതിന്റെ പിന്തുടര്‍ച്ചയെന്നോണം മൂന്നാം ദിനം ഇംഗ്ലണ്ട് ഇന്നിംസിന്റെ 32ാം ഓവറില്‍ കോഹ്ലിയും ബെയര്‍‌സ്റ്റോയും നേര്‍ക്കുനേര്‍ വന്നു. എന്നാല്‍ ഇരുവരും എന്താണ് സംസാരിച്ചതെന്ന് വ്യക്തമല്ല. അമ്പയര്‍ ഇടപെട്ട് ഇരുവരെയും മാറ്റിവിടുന്നത് കാണാമായിരുന്നു.

ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 248 റണ്‍സെന്ന നിലയിലാണ്. ജോണി ബെയര്‍സ്റ്റോ  140 ബോളില്‍ 14 ഫോറും 2 സിക്സും സഹിതം 106 റണ്‍സെടുത്തു. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറിനേക്കാള്‍ 166 റണ്‍സ് പിന്നിലാണ് ആതിഥേയര്‍.