അലി ആളിക്കത്തി; അവസാന ഓവറുകളില്‍ ഇംഗ്ലണ്ട്, കിവികള്‍ക്ക് ലക്ഷ്യം 167

ട്വന്റി20 ലോക കപ്പിലെ ആദ്യ സെമി ഫൈനലില്‍ തുടക്കത്തിലെ മെല്ലപ്പോക്കിനുശേഷം ഇംഗ്ലണ്ടിന് പൊരുതാവുന്ന സ്‌കോര്‍. ടോസ് നേടിയ ന്യൂസിലന്‍ഡിന്റെ ക്ഷണം സ്വീകരിച്ച് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെടുത്തു.

മൊയീന്‍ അലി നടത്തിയ വെടിക്കെട്ടാണ് ഇംഗ്ലണ്ടിന് അപ്രതീക്ഷിത കുതിപ്പേകിയത്. ആദ്യ പത്ത് ഓവറില്‍ ഇംഗ്ലണ്ടിന് കാര്യമായ സ്‌കോര്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ എന്നാല്‍ 37 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം പുറത്താകാതെ 51 റണ്‍സുമായി അലി കത്തിക്കയറിപ്പോള്‍ ഇംഗ്ലണ്ട് കുതിച്ചു. 41 റണ്‍സെടുത്ത ഡേവിഡ് മലാനും ഇംഗ്ലണ്ടിന് മികച്ച സംഭാവന നല്‍കി. ജോസ് ബട്ട്‌ലര്‍ (29) മികച്ച തുടക്കത്തിനുശേഷം മടങ്ങി.

കിവികള്‍ക്കായി ടിം സൗത്തിയും ആദം മില്‍നെയും ഇഷ് സോധിയും ജയിംസ് നീഷവും ഓരോ വിക്കറ്റ് വീതം പിഴുതു. സ്റ്റാര്‍ പേസര്‍ ട്രന്റ് ബൗള്‍ട്ട് (40 റണ്‍സ്) ഇംഗ്ലണ്ട് ബാറ്റര്‍മാരുടെ പ്രഹരമേറ്റുവാങ്ങിയതാണ് ന്യൂസിലന്‍ഡിന് തിരിച്ചടിയായത്.