'റിഷഭിന് പരിക്കേറ്റത് ഒരു തരത്തില്‍ നല്ലതിനാണ്'; വ്യത്യസ്ത വിലയിരുത്തലുമായി ഇന്ത്യന്‍ താരം

ഋഷഭ് പന്തിന് പരിക്കേറ്റത് അവന് ലഭിച്ച അനുഗ്രഹമാണെന്ന് ഇന്ത്യന്‍ മുന്‍ താരം അജയ് ജഡേജ. നിരവധി താരങ്ങള്‍ പരിക്കേറ്റ് ശക്തമായി തിരിച്ചെത്തിയിട്ടുണ്ടെന്നും കൂടുതല്‍ മികച്ച താരങ്ങളാവാനും മനുഷ്യരാവാനും അവര്‍ക്ക് അതിലൂടെ സാധിച്ചിരുന്നു എന്നുമാണ് ഇതിനെ സാധൂകരിച്ച് അദ്ദേഹം പറഞ്ഞത്.

ഒരു യുവതാരത്തിന് ഇത്തരമൊരു അപകടത്തില്‍ നിരവധി മത്സരങ്ങള്‍ നഷ്ടമാവുന്നത് ദൗര്‍ഭാഗ്യകരമായ കാര്യമാണ്. എന്നാല്‍ മറ്റൊരു തലത്തില്‍ ചിന്തിച്ചാല്‍ ഇത് നല്ലതിന് വേണ്ടിയാണ്. ആദ്യമായാവും ഋഷഭിന് പുറത്തിരുന്ന് തന്റെ കളിയെക്കുറിച്ച് ചിന്തിക്കേണ്ടി വന്നിരിക്കുന്നത്.

മിക്ക താരങ്ങളും 12-15 വയസില്‍ കളിക്കാന്‍ തുടങ്ങിയവരാവും. പിന്നീട് തുടര്‍ച്ചയായി ക്രിക്കറ്റ് കളിച്ചുകൊണ്ടേയിരിക്കുന്നു. ഈ തിരക്കിനിടെ കളിയെ വിലയിരുത്താനോ ചിന്തിക്കാനോ സമയം ലഭിക്കാറില്ല. ഋഷഭിന്റെ കാല്‍മുട്ടിനാണ് പ്രധാനമായും പരിക്കേറ്റിരിക്കുന്നത്.

ദൗര്‍ഭാഗ്യകരമെങ്കിലും ഋഷഭിന് പരിക്കേറ്റത് ഒരു തരത്തില്‍ നല്ലതിനാണ്. നിരവധി താരങ്ങള്‍ പരിക്കേറ്റ് ശക്തമായി തിരിച്ചെത്തിയിട്ടുണ്ട്. കൂടുതല്‍ മികച്ച താരങ്ങളാവാനും മനുഷ്യരാവാനും ഇവര്‍ക്ക് സാധിച്ചു. അത് റിഷഭിനും സംഭവിക്കുമെന്നാണ് കരുതുന്നത്- അജയ് ജഡേജ പറഞ്ഞു.