അവിശ്വസനീയ റെക്കോര്‍ഡ്; അമ്പരപ്പിച്ച് മായങ്ക് അഗര്‍വാള്‍

രഞ്ജി ട്രോഫിയില്‍ ചരിത്രമെഴുതി കര്‍ണാടക താരം മായങ്ക് അഗര്‍വാള്‍. തുടര്‍ച്ചയായ അഞ്ച് സെഞ്ച്വറി നേടിയാണ് ഈ 26കാരന്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചത്. ഒരു സീസണില്‍ തുടര്‍ച്ചയായി അഞ്ചു തവണ മൂന്നക്കം കടക്കുന്ന ആദ്യ കര്‍ണാടക താരമെന്ന റെക്കോര്‍ഡും അഗര്‍വാള്‍ സ്വന്തമാക്കി.

ഇതോടെ രഞ്ജിയില്‍ ഒരു സീസണില്‍ ആയിരം റണ്‍സ് സ്വന്തമാക്കുന്ന താരമെന്ന നേട്ടവും അഗര്‍വാളിനെ തേടിയെത്തി.

സീസണിലെ ആദ്യ മത്സരങ്ങളില്‍ ഫോം കണ്ടെത്താതിരുന്ന മയങ്ക് മഹാരാഷ്ട്രയ്ക്കെതിരേ ട്രിപ്പിള്‍ സെഞ്ചുറി (304) നേടിയാണ് റണ്‍വേട്ടയ്ക്കു തുടക്കമിട്ടത്. തൊട്ടുപിന്നാലെ ഡല്‍ഹിക്കെതിരേ 176 റണ്‍സ്. അടുത്ത മത്സരത്തില്‍ ഉത്തര്‍പ്രദേശിനെതിരേ ആദ്യ ഇന്നിംഗ്സില്‍ പത്തുറണ്‍സിന് സെഞ്ചുറി നഷ്ടം. എന്നാല്‍ രണ്ടാം ഇന്നിംഗ്സില്‍ അതിവേഗ സെഞ്ചുറിയുമായി പ്രായശ്ചിത്തം ചെയ്തു.

2010ലെ അണ്ടര്‍ 19 ലോകകപ്പിലൂടെയാണ് അഗര്‍വാളിന്റെ പ്രതിഭ ലോകമറിയുന്നത്. ആ ലോകകപ്പില്‍ ഇന്ത്യയുടെ റണ്‍വേട്ടക്കാരില്‍ ആദ്യ സ്ഥാനത്ത് വീരേന്ദര്‍ സെവാഗിന്റെ ആരാധകനായ ഈ ബംഗളൂരുകാരനായിരുന്നു. തൊട്ടുപിന്നാലെ ഇന്ത്യ എ ടീമില്‍ സ്ഥാനംപിടിക്കാന്‍ സാധിച്ചെങ്കിലും സ്ഥിരതയില്ലായ്മ വില്ലനായി.

അതെസമയം അഗര്‍വാളിന്റെ മികച്ച പ്രകടനം അദ്ദേഹത്തിന് ശ്രീലങ്കയ്‌ക്കെതിരെ ടീം ഇന്ത്യയില്‍ സ്ഥാനം പിടിക്കുന്നതിന് സഹായിച്ചില്ല. രോഹിത്ത് നയിക്കുന്ന ടീമില്‍ കോഹ്ലിയ്ക്ക് വിശ്രമം ലഭിച്ചെങ്കിലും അഗര്‍വാളിനെ പരിഗണിക്കാന്‍ സെലക്ടര്‍ തയ്യാറായില്ല.