'പല താരങ്ങളും അവിടെനിന്നു സെഞ്ച്വറിയിലേക്ക് എത്താന്‍ കൂടുതല്‍ പന്തുകള്‍ എടുക്കും'; സഞ്ജുവിന്റെ പ്രകടനത്തെ കുറിച്ച് ശ്രീശാന്ത്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ സെഞ്ച്വറി നേടിയ മലയാളി വിക്കറ്റ് കൂപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണെ അഭിനന്ദിച്ച് ഇന്ത്യന്‍ മുന്‍ താരം എസ്. ശ്രീശാന്ത്. ഇതുപോലുള്ള ഇന്നിംഗ്‌സാണ് സഞ്ജുവിനും ടീമിനും ആവശ്യമെന്നും ഇതേ പ്രകടനം തുടരണമെന്നും ശ്രീശാന്ത് പറഞ്ഞു.

സഞ്ജുവിന്റെ മികച്ച ഇന്നിംഗ്‌സുകളിലൊന്നായിരുന്നു ഇത്. 64-65 റണ്‍സൊക്കെ എടുത്തുനില്‍ക്കെ അദ്ദേഹം നടത്തിയ പ്രകടനം വളരെ പ്രധാനമാണ്. കാരണം പല താരങ്ങളും അവിടെനിന്നു സെഞ്ച്വറിയിലേക്ക് എത്താന്‍ കൂടുതല്‍ പന്തുകള്‍ എടുക്കും. ദക്ഷിണാഫ്രിക്കന്‍ പിച്ചുകളില്‍ ഇത്തരമൊന്നു ഇന്നിംഗ്‌സ് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്.

സഞ്ജുവിന്റേത് ഉത്തരവാദിത്തത്തോടെയുള്ള ബാറ്റിംഗായിരുന്നു. സഞ്ജുവിന്റെ കളി വളരെ അഗ്രസീവാണെന്നു ഞാനുള്‍പ്പടെ പലരും പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇന്നു കളിച്ചതുപോലുള്ള ഇന്നിംഗ്‌സാണ് സഞ്ജുവിനും ടീമിനും ആവശ്യം. ഇതേ പ്രകടനം തുടരണം- ശ്രീശാന്ത് വ്യക്തമാക്കി.

ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനത്തിലെ സഞ്ജു സാംസണിന്റെ തകര്‍പ്പന്‍ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ ജയിച്ചു കയറിയത്. 114 പന്തില്‍ 108 റണ്‍സ് നേടിയ സഞ്ജു സാംസണാണ് ടീമിനെ ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. 6 ബൗണ്ടറികളും 3 സിക്സറുകളും പറത്തിയാണ് സഞ്ജു സാംസണ്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ തന്റെ ആദ്യ സെഞ്ച്വറി നേടിയത്.

Read more

തന്റെ സാധാരണ മധ്യനിര സ്ഥാനത്തേക്കാള്‍ മൂന്നാം നമ്പര്‍ ബാറ്റിംഗ് സ്ലോട്ടിലാണ് അദ്ദേഹം ക്രീസിലെത്തിയത്. സാംസണ്‍ തന്റെ പതിവ് സ്വഭാവത്തിന് വിരുദ്ധമായി പതുക്കെ തട്ടി കളിച്ചാണ് സെഞ്ച്വറി തികച്ചത്.