ആശാന്‍ ഇനിയും കളി പഠിപ്പിക്കുമോ.. അതോ കളി പറയാന്‍ പോകുമോ?, ആകാംക്ഷയോടെ ക്രിക്കറ്റ് പ്രേമികള്‍.

ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനം ഒഴിഞ്ഞ രവി ശാസ്ത്രിയുടെ ഭാവി പരിപാടി എന്തെന്ന് ആകാംക്ഷാപൂര്‍വ്വം ഉറ്റുനോക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍. ഒരുകാലത്ത് വളരെയേറെ ശോഭിച്ച കമന്ററിയിലേക്ക് ശാസ്ത്രി തിരിച്ചുപോകുമോ അതോ പരിശീലക വേഷത്തില്‍ തുടരുമോ എന്നതാണ് ചോദ്യം.

കണിശതയുള്ള വിലയിരുത്തലുകളും ആകര്‍ഷകമായ വിവരണവും ഇഴചേര്‍ന്ന രവി ശാസ്ത്രിയുടെ കളി പറച്ചില്‍ ക്രിക്കറ്റ് ആരാധകരെ ഏറെ രസിപ്പിച്ചിട്ടുള്ളതാണ്. 2007, 2011 വര്‍ഷങ്ങളിലെ ഇന്ത്യയുടെ ലോക കപ്പ് വിജയങ്ങളടക്കം ക്രിക്കറ്റിലെ മഹത്തായ നിമിഷങ്ങള്‍ക്ക് കമന്ററി ബോക്‌സില്‍ സാക്ഷിയായിട്ടുണ്ട് ശാസ്ത്രി. ബിസിസിഐയുടെ ചുമതലകള്‍ ഒന്നുമില്ലാത്തതിനാല്‍ ശാസ്ത്രിക്ക് കമന്ററിയിലേക്ക് തിരിച്ചുപോകാന്‍ പ്രയാസ മൊ ന്നുമുണ്ടാവില്ല. എന്നാല്‍ ശാസ്ത്രി പരിശീലക വേഷത്തില്‍ തുടരാനാണ് സാധ്യതയെന്ന് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഐപിഎല്ലില്‍ പുതുതായി എത്തുന്ന അഹമ്മദാബാദ് ഫ്രാഞ്ചൈസിയുടെ കോച്ച് സ്ഥാനം ശാസ്ത്രി ഏറ്റെടുക്കുമെന്നാണ് വിവരം. ഫ്രാഞ്ചൈസി ഉടമകളായ സി.വി.സി. ഗ്രൂപ്പ് ശാസ്ത്രിയുമായി ആശയവിനിമയം ആരംഭിച്ചെന്നാണ് റിപ്പോര്‍ട്ട്. ബോളിംഗ് കോച്ച് ഭരത് അരുണിനെയും ഫീല്‍ഡിംഗ് കോച്ച് ആര്‍. ശ്രീധറിനെയും ഒപ്പംകൂട്ടാന്‍ അഹമ്മദാബാദ് ഫ്രാഞ്ചൈസി നീക്കുമിടുന്നതായും പറയപ്പെടുന്നു.