'രണ്ടാം ഇന്നിംഗ്‌സില്‍ അതു സംഭവിക്കും', പ്രവചനക്കാരുടെ കൂട്ടത്തില്‍ യുവസിംഹവും

ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയുമായി ബന്ധപ്പെട്ട് ക്രിക്കറ്റ് വിദഗ്ധരും മുന്‍ താരങ്ങളുമൊക്കെ തുടര്‍ച്ചയായി പ്രവചനങ്ങള്‍ നടത്തുകയാണ്. അവയില്‍ ചിലത് ശരിയാവും ചിലത് പാളിപ്പോകും. പ്രവചനക്കാരുടെ കൂട്ടത്തില്‍ ഒരു യുവസിംഹവും കടന്നുവരുന്നു. ഐപിഎല്‍ ടീം രാജസ്ഥാന്‍ റോയല്‍സിന്റെ യുവ ബാറ്റ്‌സ്മാന്‍ റിയാന്‍ പരാഗാണ് പുതിയ പ്രവചനക്കാരന്‍. ഹെഡിങ്‌ലി ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി സെഞ്ച്വറി നേടുമെന്നാണ് പരാഗ് പറയുന്നത്. വിരാടിന്റെ വലിയ ആരാധകനാണ് പരാഗ്.

വിരാട് കോഹ്ലി100 സെക്കന്‍ഡ് ഇന്നിംഗ്‌സ്, ലെറ്റ്‌സ് ഗോ എന്നാണ് ട്വിറ്ററില്‍ പരാഗ് കുറിച്ചത്. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലുമായി വിരാട് ശതകം നേടാത്ത അമ്പത് ഇന്നിംഗ്‌സുകളാണ് കടന്നുപോയത്.

ഇംഗ്ലണ്ടുമായുള്ള പരമ്പരയില്‍ ഇതുവരെ തിളങ്ങാന്‍ കോഹ്ലിക്ക് സാധിച്ചിട്ടില്ല. ഹെഡിങ്‌ലിയിലെ ആദ്യ ഇന്നിംഗ്‌സില്‍ വെറും ഏഴ് റണ്‍സ് മാത്രമായിരുന്നു വിരാടിന്റെ സമ്പാദ്യം. ഓഫ് സ്റ്റമ്പിന് പുറത്തേക്കു പോകുന്ന പന്തുകളില്‍ ബാറ്റ് വീശി ഔട്ടാകുന്ന വിരാടിന്റെ ദൗര്‍ബല്യം പരക്കെ വിമര്‍ശിക്കപ്പെട്ടു കഴിഞ്ഞു.