'ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് വലിയൊരു കുഴപ്പമുണ്ട്'; തിരുത്തിയില്ലെങ്കില്‍ വിനാശമെന്ന് ലക്ഷ്മണ്‍

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ഒരുങ്ങുന്ന ഇന്ത്യന്‍ ടീമിലെ ബാറ്റര്‍മാര്‍ക്ക് വലിയൊരു കുഴപ്പമുണ്ടെന്ന് ഇതിഹാസ താരം വി.വി.എസ്.ലക്ഷ്മണ്‍. നിലയുറപ്പിച്ചശേഷം വിക്കറ്റ് വലിച്ചെറിയുന്ന സ്വഭാവം മാറ്റിയില്ലെങ്കില്‍ ടീം കുഴപ്പത്തിലാകുമെന്ന് ലക്ഷ്മണ്‍ പറഞ്ഞു.

പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. കാണ്‍പൂരില്‍ അജിന്‍ക്യ രഹാനെയും മുംബൈയില്‍ ചേതേശ്വര്‍ പുജാരയും പുറത്തായ രീതി നോക്കുമ്പോള്‍ ഒരേ പാറ്റേണ്‍ ആവര്‍ത്തിക്കപ്പെടുന്നതായി മനസിലാക്കാം. ശുഭ്മാന്‍ ഗില്ലുപോലും നിലയുറപ്പിച്ചശേഷം വിക്കറ്റ് വലിച്ചെറിയുന്നു. അത്തരത്തിലെ നല്ല തുടക്കങ്ങളെ വലിയ സ്‌കോര്‍ ആക്കി മാറ്റുന്നത് ഇന്ത്യയെ സംബന്ധിച്ച് നിര്‍ണായകമാകും- ലക്ഷ്മണ്‍ പറഞ്ഞു.

ഇന്ത്യന്‍ ബാറ്റര്‍മാര്‍ തെറ്റുകള്‍ ആവര്‍ത്തിക്കുകയും വിക്കറ്റ് വലിച്ചെറിയുകയും ചെയ്യുന്നെന്നാണ് എനിക്ക് തോന്നുന്നത്. നല്ല ടീമുകള്‍ക്കെതിരെ മികച്ച പ്രകടനം നടത്തണമെങ്കില്‍ അത്തരത്തിലെ ബാറ്റിംഗ് പാടില്ല. പ്രത്യേകിച്ച് ദക്ഷിണാഫ്രിക്കയില്‍ പരമ്പര ജയിക്കണമെങ്കില്‍ ബാറ്റിംഗ് ലൈനപ്പ് ഒന്നാകെ മികവിലേക്ക് ഉയരേണ്ടതുണ്ടെന്നും ലക്ഷ്മണ്‍ കൂട്ടിച്ചേര്‍ത്തു.