'പ്രിയപ്പെട്ട കോഹ്ലി....അങ്ങ് പാകിസ്ഥാനില്‍ സെഞ്ച്വറി അടിക്കുന്നത് കാണാന്‍ ആഗ്രഹമുണ്ട്' പാക് ആരാധകന്റെ വിലാപം

ഇന്ത്യയുടെ മൂന്‍ നായകന്‍ വിരാട്‌ കോഹ്ലിയ്ക്ക് ലോകത്തുടനീളമായി അനേകം ആരാധകരുണ്ട്. രാഷ്ട്രീയ സാഹചര്യം മുന്‍ നിര്‍ത്തി ഇന്ത്യന്‍ താരങ്ങള്‍ക്ക് പാകിസ്ഥാനിലേക്ക് പോകാനാകുന്നില്ലെങ്കിലും അവിടെയും കോഹ്ലിയ്ക്ക് ആരാധകര്‍ ഏറെയുണ്ട്. അടുത്തിടെ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് ക്രിക്കറ്റിലും പാക് ആരാധകരുടെ കോഹ്ലി സ്‌നേഹം പുറത്തുവന്നു.

2008 ഏഷ്യാക്കപ്പിലാണ് ഇന്ത്യ പാകിസ്ഥാനില്‍ അവസാനം കളിച്ചത്. ഈ ടീമില്‍ വിരാട് കോഹ്ലി അംഗമായിരുന്നില്ല. ക്രിക്കറ്റില്‍ 70 സെഞ്ച്വറികള്‍ നേടിയിട്ടുള്ള കോഹ്ലി പക്ഷേ കഴിഞ്ഞ മൂന്ന വര്‍ഷമായി മൂന്നക്ക സംഖ്യയുടെ അടുത്തുപോലും എത്തിയിട്ടില്ല. അടുത്തിടെ നടന്നുകൊണ്ടിരിക്കുന്ന പിഎസ്എല്‍ 2022 സീസണില്‍ ഒരു ആരാധകന്‍ കളി കാണാനെത്തിയത് വിരാട് കോഹ്ലിയുടെ പോസ്റ്ററുമായിട്ടാണ്. വിരാട്‌ കോഹ്ലി ബാറ്റ് ചെയ്യുമ്പോഴത്തെ ചിത്രത്തിന് താഴെ ”നിങ്ങളുടെ അടുത്ത സെഞ്ച്വറി പാകിസ്ഥാനില്‍ കാണണമെന്നാണ് ആഗ്രഹം” എന്നും പോസ്റ്ററില്‍ കുറിച്ചിട്ടുണ്ടായിരുന്നു.

2016 ട്വന്റി 20 ലോക കപ്പില്‍ പാകിസ്ഥാനെ ഇന്ത്യ പരാജയപ്പെടുത്തിയതായിരുന്നു അവര്‍ക്കെതിരേ ഇന്ത്യ നേടിയ അവസാന വിജയം. അതിന് ശേഷം 2021 ടിട്വന്റി ലോക കപ്പില്‍ തിരിച്ചടിച്ച പാകിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിച്ചിരുന്നു. ഏതെങ്കിലും ഒരു ലോക കപ്പില്‍ പാകിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിക്കുന്നതും ഇതാദ്യമായിരുന്നു. 49 പന്തില്‍ 57 അടിച്ച് തോല്‍വിയുടെ ഭാരം അന്ന് വിരാട് കോഹ്ലി കുറച്ചിരുന്നു. ഇതിന് പിന്നാലെ ഈ വര്‍ഷം 2022 ലെ ട്വന്റി20 ലോക കപ്പില്‍ ഇരുടീമും ഏറ്റുമുട്ടും.