ഒറ്റ ദിവസം കൊണ്ട് വീണത് 23 വിക്കറ്റുകള്‍ ; നാല് ഇന്നിംഗ്‌സും ബാറ്റ് ചെയ്ത് ദക്ഷിണാഫ്രിക്ക ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചു

ബാറ്റ് കൊണ്ടും പന്തുകൊണ്ടും ഇതിഹാസങ്ങള്‍ എഴുതിയവരാണ് ക്രിക്കറ്റിനെ സാധാരണക്കാരന്റെ ഇടയിലേക്ക് എത്തിച്ചതും ആരാധകരാക്കി മാറ്റിയതും. ക്രിക്കറ്റിലെ റെക്കോഡുകള്‍ ആവേശം പകരുന്നതാണെങ്കിലും ക്രിക്കറ്റ് ചിലപ്പോഴൊക്കെ അതിശയിപ്പിക്കുന്ന റെക്കോഡുകളുടേയും കളി കൂടിയാണ്. ക്രിക്കറ്റിലെ രസകരമായ അത്തരം റെക്കോഡുകളില്‍ ഒന്നാണ് അഞ്ചു ദിവസം നീണ്ടു നില്‍ക്കാറുള്ള ടെസ്റ്റ് മത്സരം ഒരു ദിവസം അവസാനിച്ചതും. ഈ മത്സരം കളിച്ചത്് ക്രിക്കറ്റിലെ കരുത്തരായ ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയുമായിരുന്നു.

കളിയുടെ നാല് ഇന്നിംഗ്‌സും ഒറ്റ ദിവസം കൊണ്ട് അവസാനിച്ച ആ മത്സരം നടന്നത്. ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിലായിരുന്നു. പരമ്പരയിലെ ആദ്യ മത്സരത്തില്‍ കനത്ത മഴ പെയ്തതിനെ തുടര്‍ന്ന് അഞ്ചുദിവസ മത്സരത്തില്‍ ആദ്യ ദിവസം ഓസ്‌ട്രേലിയയുടെ ഇന്നിംഗ്‌സ് 55 ഓവറാക്കി കുറച്ചിരുന്നു. ടെസ്റ്റ് പക്ഷേ സംഭവബഹുലമായത് രണ്ടാം ദിവസമായിരുന്നു. ഓസ്‌ട്രേലിയ 284 റണ്‍സിന് പുറത്തായി. പിന്നീടായിരുന്നു നാടകീയ മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നത്. ദക്ഷിണാഫ്രിക്കയെ ആദ്യ ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയ 96 റണ്‍സിന് പുറത്താക്കി.

രണ്ടാം ഇന്നിംഗ്‌സ് ബാറ്റ് ചെയ്യാനെത്തിയ ഓസ്‌ട്രേലിയയ്ക്ക് ദക്ഷിണാഫ്രിക്ക ചുട്ട മറുപടി നല്‍കി. 47 റണ്‍സ് എടുക്കാനേ അനുവദിച്ചുള്ളൂ. പിന്നാലെ രണ്ടാം ഇന്നിംഗ്‌സ് ബാറ്റ് ചെയ്യാന്‍ വന്ന ദക്ഷിണാഫ്രിക്ക 42.3 ഓവറില്‍ ലക്ഷ്യം കണ്ടു. അടിച്ചു തകര്‍ത്തു കളിച്ച അവര്‍ക്ക് മുന്നിലുള്ള വിജയലക്ഷ്യം 236 റണ്‍സായിരുന്നു. നായകന്‍ ഗ്രെയിംസ്മിത്ത് 101 റണ്‍സും ഹഷീം ആംല 112 റണ്‍സും എടുത്തതോടെ രണ്ടാം ദിവസം കളിപൂര്‍ത്തിയായി. 100 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു 23 വിക്കറ്റുകള്‍ ഒരു ദിവസത്തിനുള്ളില്‍ വീഴുന്നത്.