വെങ്കലപ്പെരുമയില്‍ ബജ്‌റംഗ്; ടോക്യോയില്‍ ഇന്ത്യയുടെ മെഡല്‍ത്തിളക്കമേറി

ടോക്യോ ഒളിമ്പിക്‌സ് ഗുസ്തിയില്‍ ഇന്ത്യയുടെ ബജ്‌റംഗ് പൂനിയ പ്രതീക്ഷ കാത്തു. പുരുഷന്‍മാരുടെ ഫ്രീസ്റ്റൈല്‍ ഗുസ്തി 65 കിലോഗ്രാ വിഭാഗത്തില്‍ കസാഖിസ്ഥാന്റെ ദൗലത് നിയാസ്‌ബെക്കോവിനെ 8-0ന് തകര്‍ത്ത് ബജ്‌റംഗ് വെങ്കല മെഡല്‍ ഉറപ്പിച്ചു. ഇതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം ആറായി ഉയര്‍ന്നു.

വെങ്കല മെഡലിനായുള്ള മുഖാമുഖം തികച്ചും ഏകപക്ഷീയമായിരുന്നു. തുടക്കം മുതല്‍ ലീഡ് പിടിച്ച ബജ്‌റംഗ് ഒരു പോയിന്റുപോലും സ്‌കോര്‍ ചെയ്യാന്‍ നിയാസ്‌ബെക്കോവിനെ അനുവദിച്ചില്ല. എതിരാളിയെ തുടര്‍ച്ചയായി ആക്രമിച്ച ബജ്‌റംഗ് പടിപ്പടിയായി പോയിന്റ് ഉയര്‍ത്തിക്കൊണ്ടിരുന്നു.

Read more

അവസാന നിമിഷംവരെ എതിരാളിക്ക് തിരിച്ചുവരവിന് അവസരം നല്‍കാതെയാണ് ബജ്‌റംഗ് മെഡല്‍ നേട്ടത്തിലെത്തിയത്. മീരഭായി ചാനു (ഭാരോദ്വഹനം), പി. വി. സിന്ധു (ബാഡ്മിന്റണ്‍), ലവ്‌ലിന ബോര്‍ഗോഹെയ്ന്‍ (ബോക്‌സിംഗ്), രവി കുമാര്‍ ദാഹ്യ (ഗുസ്തി) എന്നിവരും പുരുഷ ഹോക്കി ടീമും ടോക്യോയില്‍ ഇന്ത്യക്ക് മെഡല്‍ നേട്ടം സമ്മാനിച്ചിരുന്നു.