സ്വദേശിവത്കരണം ഉടന്‍ പൂര്‍ത്തിയാക്കണം; ഇല്ലെങ്കില്‍ ജൂലൈ മുതല്‍ പിഴ ഇടാക്കുമെന്ന് യു.എ.ഇ

നിശ്ചിത ശതമാനം സ്വദേശിവത്കരണം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ജുലൈ മുതല്‍ പിഴ ഇടാക്കുമെന്ന് യു.എ.ഇ മാനവവിഭവ, എമിററ്റൈസേഷന്‍ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഈ വര്‍ഷം നടപ്പിലാക്കേണ്ട ഒരു ശതമാനം സ്വദേശിവത്കരണം ജൂണ്‍ 30നകം പൂര്‍ത്തിയാക്കണം.

50 ജീവനക്കാരില്‍ കൂടുതലുള്ള സ്ഥാപനങ്ങള്‍ വര്‍ഷത്തില്‍ 2% സ്വദേശിവത്കരണം നടത്തണമെന്നാണു നിയമം. ഒരു ശതമാനം ജൂണിലും ഒരു ശതമാനം ഡിസംബറിലും പൂര്‍ത്തിയാക്കണം.

നിയമനം നല്‍കാത്ത ഓരോ സ്വദേശിക്കും മാസത്തില്‍ 7000 ദിര്‍ഹം വീതം 6 മാസത്തിന് 42,000 ദിര്‍ഹം പിഴ ഈടാക്കും. നിയമ ലംഘകര്‍ക്കുള്ള പിഴ വര്‍ഷത്തില്‍ 1000 ദിര്‍ഹം വീതം വര്‍ദ്ധിപ്പിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

2026ല്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ 10 ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കാനാണ് ഫെഡറല്‍ നിയമം ലക്ഷ്യമിടുന്നത്. ഓരോ വര്‍ഷവും രണ്ടു ശതമാനം വെച്ച് ഘട്ടംഘട്ടമായി നടപ്പിലാക്കുന്ന പദ്ധതിക്ക് കഴിഞ്ഞ വര്‍ഷമാണ് തുടക്കം കുറിച്ചത്. ഈ വര്‍ഷം ജൂണ്‍ 30 ഓടെ കമ്പനികള്‍ ആകെ ജീവനക്കാരുടെ മൂന്ന് ശതമാനത്തില്‍ സ്വദേശികളെ നിയമിക്കണം. തൊഴില്‍ നൈപുണ്യം ആവശ്യമുള്ള തസ്തികകളിലാകണം നിയമനം.