പ്രതിഷേധം ഫലം കണ്ടു; ടിക്കറ്റ് നിരക്ക് കുറച്ച് എയര്‍ ഇന്ത്യ

സൗദിയില്‍ നിന്നും കേരളത്തിലേക്കുള്ള വന്ദേഭാരത് മിഷന്‍  വിമാന സര്‍വീസുകളുടെ വര്‍ദ്ധിപ്പിച്ച നിരക്കില്‍ എയര്‍ ഇന്ത്യ കുറവു വരുത്തി. കണ്ണൂരിലേക്കും കൊച്ചിയിലേക്കും 34000 രൂപ ഈടാക്കിയിരുന്നിടത്ത് ശനിയാഴ്ച കോഴിക്കോട് പോകുന്ന പുതിയ സര്‍വീസിന് 18000 രൂപ മാത്രമാണ് ഇപ്പോള്‍ ഈടാക്കുന്നത്.

ശനിയാഴ്ച ദമ്മാമില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടുന്ന വിമാനത്തില്‍ ടിക്കറ്റ് വാങ്ങാനെത്തിയവരില്‍ നിന്ന് കഴിഞ്ഞ ദിവസം 1253 റിയാല്‍ വീതം വാങ്ങിയിരുന്നു. എന്നാല്‍ വ്യാഴാഴ്ച ഇവരെ വീണ്ടും വിളിപ്പിച്ച് 350 റിയാല്‍ വീതം തിരികെ നല്‍കി. നിലവില്‍ ആദ്യത്തെ നിരക്ക് തന്നെയായിരിക്കുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ടിക്കറ്റ് നിരക്ക് ഇരട്ടിയായി വര്‍ദ്ധിപ്പിച്ച നടപടി വ്യാപക പ്രതിഷേധം വിളിച്ചു വരുത്തിയിരുന്നു. കഴിഞ്ഞ ദിവസം ദമ്മാമില്‍ നിന്നും കണ്ണൂരിലേക്കും കൊച്ചിയിലേക്കും 1770 റിയാലിന് മുകളിലായിരുന്നു ടിക്കറ്റ് നിരക്ക്. ജിദ്ദ, റിയാദ് എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള നിരക്കും ഇതായിരുന്നു. വെള്ളിയാഴ്ച ജിദ്ദയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന വിമാനത്തിലെ യാത്രക്കാരില്‍ നിന്നും 1700 റിയാല്‍ വീതമാണ് ഈടാക്കിയിരിക്കുന്നത്.