സാമ്പത്തിക പ്രത്യാഘാതങ്ങള്‍ പരിഹരിക്കാന്‍ ശക്തമായ നടപടികള്‍ക്ക് ഒരുങ്ങി സൗദി; വാറ്റ് 15 ശതമാനമായി ഉയര്‍ത്തും

കോവിഡ് വരുത്തിവെയ്ക്കുന്ന സാമ്പത്തിക പ്രത്യാഘാതങ്ങള്‍ പരിഹരിക്കാന്‍ ശക്തമായ നടപടികള്‍ക്ക് ഒരുങ്ങി സൗദി അറേബ്യ. ഇതിനായി മൂല്യവര്‍ദ്ധിത നികുതി (വാറ്റ്) വര്‍ദ്ധിപ്പിച്ചും കര്‍ശന സാമ്പത്തിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള നീക്കങ്ങളാണ് നടക്കുന്നത്.

നിലവിലുളള അഞ്ച് ശതമാനം വാറ്റ് 15 ശതമാനമായി ഉയര്‍ത്തുന്നത് ഉള്‍പ്പെടെയുളള തീരുമാനങ്ങള്‍ നടപ്പാക്കുമെന്ന് സൗദി ധനകാര്യമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ജദ്അനെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം ജൂലൈ 15 മുതല്‍ വാറ്റ് ഉയര്‍ത്തുന്ന തീരുമാനം നടപ്പാകും. ഇതിന് പുറമെ ജൂണ്‍ മുതല്‍ ജനങ്ങളുടെ ജീവിതാവശ്യങ്ങള്‍ക്ക് നല്‍കുന്ന പ്രത്യേക ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കാനും തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം.

ചരിത്രത്തിലില്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നു പോകുന്നതെന്ന് സൗദി ധനമന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. രാജ്യം വളരെ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്നും ചിലപ്പോഴത് വേദനാജനകമായേക്കുമെന്നും മുഹമ്മദ് അല്‍ജദ്ആന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.