സലാലയില്‍ അപ്രതീക്ഷിതമായി ഉയർന്നുപൊങ്ങിയ കൂറ്റൻ തിരയിൽപ്പെട്ട് അഞ്ച് പേർ മരിച്ച സംഭവം; വീഡിയോ

ഒമാനിലെ സലാലയിൽ അപ്രതീക്ഷിതമായി ഉയർന്നുപൊങ്ങിയ കൂറ്റൻ തിരയിൽപ്പെട്ട് കുട്ടികൾ ഉൾപ്പെടെയുള്ളവർ ഒലിച്ചുപോകുന്ന ദാരുണമായ ദൃശ്യങ്ങൾ പുറത്ത്. ബീച്ചിൽ കളിചിരികളുമായി നിൽക്കുന്ന കുട്ടികൾ ഉൾപ്പെടെയുള്ളവരെ കൂറ്റൻ തിര ഒഴുക്കിക്കൊണ്ടു പോകുന്ന ദൃശ്യങ്ങളാണിത്. ഞായറാഴ്ചയാണ് അപകടം. മഹാരാഷ്ട്ര സ്വദേശികളായ രണ്ട് കുടുംബത്തിലെ അഞ്ച് അംഗങ്ങളാണ്  അപകടത്തിൽ പെട്ടത്.

ഇതിൽ രണ്ടുപേരുടെ മൃതദേഹങ്ങൾ ചൊവ്വാഴ്ച്ച കണ്ടെത്തിയിരുന്നു. മഹാരാഷ്ട്ര സങ്കലിൽ സ്വദേശികളായ ശശികാന്ത് (42), മകൻ ശ്രേയസ്സ് (അഞ്ച്) എന്നിവരുടെ മൃതദേഹങ്ങളാണ് കഴിഞ്ഞ ദിവസം സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ നേതൃത്വത്തിലുള്ള സംഘം കണ്ടെടുത്തിരുന്നു. ശശികാന്തിന്റെ മകൾ ശ്രേയയെ (9) ഇതുവരെ കണ്ടെത്താനായിട്ടില്ല.

ദുബായിൽ താമസിക്കുന്ന ശശികാന്തും കുടുംബവും അവധി ആഘോഷിക്കാനാണ് സലാലയിലെത്തിയത്. മൂന്നു കുട്ടികളടക്കം എട്ടു പേരാണു ഞായറാഴ്ച ഉച്ചയോടെ മുഗ്സെയിൽ ബീച്ചിൽ തിരമാലയിൽപ്പെട്ടു കടലിൽ വീണത്. മൂന്നു പേരെ ഉടൻ രക്ഷപ്പെടുത്തി.

സുരക്ഷാ ബാരിക്കേഡുകൾ മറികടന്നു ഫോട്ടോ എടുക്കാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടമെന്നാണ് വിവരം. ഉയർന്നു പൊങ്ങിയ തിരമാലയിൽ അകപ്പെടുകയായിരുന്നു ഇവർ. ഇതിന്റെ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിക്കുന്നത്. മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്.

https://www.indiatoday.in/india/story/maharashtra-family-members-drown-sea-of-oman-1975231-2022-07-13?jwsource=cl