പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിൽ. സമാധാന കരാർ ലംഘിച്ച് ഇറാൻ ഹോർമൂസിൽ കപ്പലിന് നേരെ നടത്തിയ ഡ്രോൺ ആക്രമണത്തിന് അമേരിക്ക തിരിച്ചടിച്ചതോടെ പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം വീണ്ടും അതീവ ഗുരുതരമാവുകയാണ്. തങ്ങളുടെ ‘ജോലി തീർക്കാൻ’ യുഎസ് സൈന്യം നിർബന്ധിതരായാൽ ഇറാൻ ബാക്കിയുണ്ടാവില്ലെന്ന് ഡോണൾഡ് ട്രംപ് ഭീഷണി മുഴക്കി.
ഇറാനെതിരെ യുഎസ് വീണ്ടും ആക്രമണം നടത്തിയതിനു പിന്നാലെയാണ് ട്രൂത്ത് സോഷ്യലിൽ ട്രംപ് ഭീഷണി മുഴക്കിയത്. ന്യായവും നീതിയും നോക്കി പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായേക്കാമെന്നും തങ്ങൾ വിജയകരമായി തുടങ്ങിയ ജോലി പൂർത്തിയാക്കാൻ യുഎസ് സൈന്യവും നിർബന്ധിതരാകുമെന്ന് ട്രംപ് പറഞ്ഞു. അങ്ങനെയുണ്ടായാൽ ഇറാൻ ഇനി ബാക്കിയുണ്ടാവില്ലെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
ശനിയാഴ്ച പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേരിട്ടുള്ള ഉത്തരവിനെത്തുടർന്ന് അമേരിക്കൻ സൈന്യം ഇറാനിലെ പത്തോളം തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ബോംബാക്രമണം നടത്തിയിരുന്നു. യു.എസ് സൈന്യം നടത്തിയ ആക്രമണങ്ങൾക്ക് തിരിച്ചടിയായി കുവൈറ്റിലും ബഹ്റൈനിലും ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തി.
റെവല്യൂഷണറി ഗാർഡ്സ് ആണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇനിയും പ്രകോപനമുണ്ടായാൽ അതിശക്തമായ മറുപ നൽകുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. ഇതിന് പിന്നാലെയാണ് ഇറാനെതിരെ ട്രംപ് ഭീഷണി മുഴക്കിയത്. ഇറാന്റെ 10 സൈനികകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.
ഹോർമുസ് കടലിടുക്കിന് സമീപമുള്ള 10 കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയതെന്നും എംടി കികു എന്ന കപ്പലിനുനേരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിനു തിരിച്ചടിയായാണ് ആക്രമണമെന്നും സെൻട്രൽ കമാൻഡ് അറിയിച്ചു. വെടിനിർത്തൽ ധാരണയിലെത്തിയതിന് പിന്നാലെ ഇത് തുടർച്ചയായ രണ്ടാംദിനമാണ് യുഎസ് ഇറാനെതിരെ ആക്രമണം നടത്തുന്നത്.
Read more
അമേരിക്കയുടെ ഈ വ്യോമാക്രമണത്തിന് തൊട്ടുപിന്നാലെയാണ് കുവൈറ്റിലെയും ബഹ്റൈനിലെയും യു.എസ് താവളങ്ങളെ ലക്ഷ്യമിട്ട് ഇറാൻ മിസൈലുകളും ഡ്രോണുകളും തൊടുത്തുവിട്ടത്. ആക്രമണത്തെത്തുടർന്ന് കുവൈറ്റിലും ബഹ്റൈനിലും അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. താൽക്കാലിക വെടിനിർത്തൽ കരാറുകൾ പാടെ തകർന്നതോടെ വരും ദിവസങ്ങളിൽ മേഖലയിലെ സ്ഥിതിഗതികൾ കൂടുതൽ വഷളാകുമെന്നാണ് കണക്കാക്കുന്നത്.







