ഹമാസ് കൊലപ്പെടുത്തിയത് 14 അമേരിക്കൻ പൗരൻമാരെ; ഇസ്രയേലിനെ പിന്തുണച്ച് അമേരിക്ക, യുദ്ധത്തിനാവശ്യമായ ആയുധങ്ങൾ എത്തിക്കും

ഇസ്രയേൽ – ഹമാസ് യുദ്ധം അതിരൂക്ഷമായി തുടരുന്നസാഹചര്യത്തിൽ ഇസ്രയേലിന് പിന്തുണയുമായി അമേരിക്ക.ഹമാസ് ആക്രമണത്തിൽ 14 അമേരിക്കൻ പൗരന്മാർ കൊല്ലപ്പെട്ടതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ സ്ഥിരീകരിച്ചു.ഹമാസ് ബന്ദികളാക്കിയവരിൽ അമേരിക്കക്കാരും ഉണ്ടെന്ന് ബൈഡൻ വൈറ്റ് ഹൗസിൽ നടത്തിയ പ്രസംഗത്തിൽ വ്യക്തമാക്കി.

വ്യാഴാഴ്ച്ച യുഎസ് വിദേശ കാര്യ സെക്രട്ടറി ആന്റണി ബ്ലിൻകൻ ഇസ്രയേൽ സന്ദർശിക്കും. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, നയതന്ത്ര, സൈനിക ഉദ്യോഗസ്ഥർ എന്നിവരുമായി ബ്ലിൻകൻ കൂടിക്കാഴ്ച്ച നടത്തും. അമേരിക്കയുടെ സൈനിക, സാമ്പത്തിക സഹായം, ബന്ദികളെ മോചിപ്പിക്കൽ തുടങ്ങിയ വിഷയങ്ങളാകും ചർച്ച ചെയ്യുക. ഇസ്രയേലിന്റെ ‘അയേൺ ഡോമിന്റെ’ തുടർ പ്രവർത്തനങ്ങൾക്ക് ആവശ്യമായ മിസൈലുകളും മറ്റ് ആയുധങ്ങളും അമേരിക്ക നൽകും.

യുദ്ധം അഞ്ചാം ദിവസത്തിലേക്ക് കടന്നതോടെ ഇസ്രയേലിലും ഗാസയിലുമായി രണ്ടായിരത്തിലധികം പേരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരെ ഉൾക്കൊള്ളാനാകാതെ ഗാസയിലെ ആരോഗ്യമേഖല തകർന്നതായി ഐക്യരാഷട്ര സഭ അറിയിച്ചു. കുടിവെള്ളവും ഭക്ഷണവും വൈദ്യുതിയുമില്ലാതെ ദുരിതത്തിലായിരിക്കുകയാണ് ഗാസ നിവാസികൾ. അതിനിടെ വെസ്റ്റ് ബാങ്കിൽ 21 പലസ്തീനികളും കൊല്ലപ്പെട്ടിട്ടുണ്ട്.

വ്യോമാക്രമണം കടുപ്പിച്ച ഇസ്രയേൽ ഹമാസിന്റെ ഭരണ ആസ്ഥാനമടക്കം ബോംബിട്ട് തകർത്തിരുന്നു. കഴിഞ്ഞദിവസം ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ ഗാസയിലെ ധനകാര്യ മന്ത്രാലയവും ബാങ്കും തകർത്തു.ആക്രമണത്തിൽ ഗാസയിലെ ധനമന്ത്രി കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. ഇസ്രയേലിൽ നിന്നും പൗരന്മാരെ രക്ഷപ്പെടുത്താൻ കാനഡ അടക്കമുള്ള കൂടുതൽ രാജ്യങ്ങൾ നീക്കം തുടങ്ങി.