പലസ്തീനെ അനുകൂലിച്ചതിന് "ഭീകരത" ആരോപിച്ച് ഇന്ത്യൻ വിദ്യാർത്ഥിനിയുടെ വിസ റദ്ദ് ചെയ്ത് അമേരിക്ക; സ്വയം നാട്ടിലെത്തി രഞ്ജിനി ശ്രീനിവാസൻ

പലസ്തീനെ അനുകൂലിച്ചതിന്റെ പേരിൽ ഡൊണാൾഡ് ട്രംപ് ഭരണകൂടം വിസ റദ്ദാക്കിയ കൊളംബിയ സർവകലാശാലയിലെ ഇന്ത്യൻ വിദ്യാർത്ഥിനിയായ രഞ്ജനി ശ്രീനിവാസൻ സ്വമേധയാ നാട്ടിലേക്ക് തിരിച്ചെത്തി. കഴിഞ്ഞയാഴ്ചയാണ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അവരുടെ വിസ റദ്ദാക്കിയത്. കൊളംബിയ സർവകലാശാലയിൽ പലസ്തീൻ അനുകൂല പ്രതിഷേധങ്ങളിൽ രഞ്ജിനി ശ്രീനിവാസൻ പങ്കെടുത്തതായി യുഎസ് നീതിന്യായ വകുപ്പ് ഹോംലാൻഡ് സെക്യൂരിറ്റി വെള്ളിയാഴ്ച അറിയിച്ചു. തുടർന്ന് യുണൈറ്റഡ് സ്റ്റേറ്റ്സിലെ കൊളംബിയ യൂണിവേഴ്സിറ്റിയിൽ പലസ്തീൻ അനുകൂല പ്രതിഷേധങ്ങളിൽ പങ്കെടുത്ത ഇന്ത്യൻ പൗരയായ രഞ്ജിനി ശ്രീനിവാസൻ സ്വമധേയ നാട്ടിലേക്ക് മടങ്ങിയതായി ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് അറിയിച്ചു.

നീതിന്യായ വകുപ്പിന്റെ ഭാഗമായി സംസാരിച്ച ഡെപ്യൂട്ടി അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ച്, ഇതെല്ലാം “ഈ രാജ്യത്ത് യഹൂദവിരുദ്ധത അവസാനിപ്പിക്കുക” എന്ന പ്രസിഡന്റിന്റെ ദൗത്യത്തിന്റെ ഭാഗമാണെന്ന് പറഞ്ഞു. കഴിഞ്ഞ വസന്തകാലത്ത് ഗാസയിൽ ഇസ്രായേലിന്റെ സൈനിക നടപടിയെ വിമർശിച്ച വിദ്യാർത്ഥികളെയും അധ്യാപകരെയും കർശനമായി നേരിടാത്തതിന് ശിക്ഷയായി ട്രംപ് ഭരണകൂടം കൊളംബിയ യൂണിവേഴ്സിറ്റിക്കെതിരെ രംഗത്തെത്തിയിരുന്നു. സ്കൂളിനുള്ള 400 മില്യൺ ഡോളർ ഫെഡറൽ ഗ്രാന്റുകളും കരാറുകളും റദ്ദാക്കി സ്ഥാപനത്തിൽ സമ്മർദ്ദം ചെലുത്തുകയും ചെയ്തു.

പലസ്തീൻ രാഷ്ട്രീയത്തെ പിന്തുണക്കുന്ന ഗാസയിൽ ഇസ്രായേൽ നടത്തി കൊണ്ടിരിക്കുന്ന ആക്രമണങ്ങളോട് പ്രതിഷേധിക്കുന്നവരെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും മറ്റ് ഉദ്യോഗസ്ഥരും “ഹമാസ് അനുകൂലികൾ” എന്നാണ് ആരോപിച്ചത്. കഴിഞ്ഞ വസന്തകാലത്തെ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയ പലസ്തീൻ ആക്ടിവിസ്റ്റായ മഹ്മൂദ് ഖലീലിനെ അറസ്റ്റ് ചെയ്തതിനുശേഷം സർവകലാശാലയുടെ കാമ്പസ് സംഘർഷാവസ്ഥയിലാണ്.

“അക്രമത്തിനും ഭീകരതയ്ക്കും വേണ്ടി വാദിച്ചു” എന്ന് ചൂണ്ടിക്കാട്ടിയാണ് രഞ്ജനി ശ്രീനിവാസന്റെ വിസ റദ്ദാക്കിയതായി ട്രംപ് ഭരണകൂടം വെള്ളിയാഴ്ച അറിയിച്ചത്. രഞ്ജിനി ശ്രീനിവാസൻ ചൊവ്വാഴ്ച “സ്വയം നാടുകടത്തൽ” തിരഞ്ഞെടുത്തുവെന്ന് വകുപ്പ് പറഞ്ഞു. എന്നാൽ, രഞ്ജിനി ശ്രീനിവാസൻ അക്രമത്തിന് വേണ്ടി വാദിച്ചുവെന്ന് സൂചിപ്പിക്കുന്ന തെളിവുകൾ ഉദ്യോഗസ്ഥർ ഹാജരാക്കുകയോ അതിനെ കുറിച്ച് സംസാരിക്കുകയോ ചെയ്തിട്ടില്ല. എഫ് -1 വിസയിലാണ് ശ്രീനിവാസൻ യുഎസിൽ പ്രവേശിച്ചതെന്നും “ഭീകര സംഘടനയായ ഹമാസിനെ പിന്തുണയ്ക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു” എന്നും പ്രസ്താവനയിൽ പറയുന്നു.