ഉക്രൈന്‍ അതിര്‍ത്തി കടക്കാന്‍ അനുവദിക്കുന്നില്ല, ആഫ്രിക്കന്‍ വംശജര്‍ക്ക് നേരെ വിവേചനം

ഉക്രൈനില്‍ റഷ്യന്‍ അധിനിവേശം രൂക്ഷമായിരിക്കെ അതിര്‍ത്തിയില്‍ ആഫ്രിക്കന്‍ വംശജര്‍ക്ക് നേരെ വിവേചനം. സംഘര്‍ഷത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ആഫ്രിക്കന്‍ പൗരന്മാരെ പലായനം ചെയ്യാന്‍ അനുവദിക്കുന്നില്ല. അതിര്‍ത്തി കടക്കുന്നതില്‍ നിന്ന് ആഫ്രിക്കക്കാരെ ഉക്രൈനിയന്‍ സേന തടയുന്നതിനെതിരെ ആഫ്രിക്കന്‍ യൂണിയന്‍ പ്രതിഷേധം അറിയിച്ചു. ആഫ്രിക്കന്‍ വംശജര്‍ക്കെതിരെ നടക്കുന്ന വിവേചനം അസ്വസ്ഥപ്പെടുത്തുന്നുവെന്ന് എ.യു പ്രതികരിച്ചു.

സംഘര്‍ഷ സമയത്ത് അന്താരാഷ്ട്ര അതിര്‍ത്തികള്‍ കടക്കാന്‍ എല്ലാ ആളുകള്‍ക്കും അവകാശമുണ്ട്. ദേശ, വംശ വ്യത്യാസമില്ലാതെ ഉക്രൈന്‍ സംഘര്‍ഷത്തില്‍ നിന്ന് സുരക്ഷിത സ്ഥലങ്ങളിലേക്ക് കടക്കാന്‍ എല്ലാവര്‍ക്കും ഒരുപോലെ അവകാശമുണ്ടെന്ന് എ.യു പ്രസ്താവനയില്‍ അറിയിച്ചു.

ആഫ്രിക്കക്കാര്‍ക്കെതിരെ നടക്കുന്നത് വംശീയവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണെന്ന പ്രസ്താവനയില്‍ ആരോപിച്ചു.

അതിര്‍ത്തി പ്രദേശങ്ങളിലേക്കുള്ള ട്രെയിനുകളില്‍ കയറുന്നതില്‍ നിന്ന് ഉക്രൈനിയന്‍ സുരക്ഷാ സേന തങ്ങളെ തടഞ്ഞതായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെയുള്ള ആഫ്രിക്കന്‍ പൗരന്മാര്‍ ആരോപിച്ചിരുന്നു. ഉക്രൈനിയന്‍ അതിര്‍ത്തി സേന ആഫ്രിക്കന്‍ പൗരന്മാരെ തടയുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പടെ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.