'പുടിന്‍ സ്വേച്ഛാധിപതി'; റഷ്യയ്‌ക്ക് എതിരെ സമ്പൂര്‍ണ ഉപരോധം ഏര്‍പ്പെടുത്തി ബ്രിട്ടൻ

ഉക്രൈന് നേര്‍ക്കുള്ള സൈനിക നീക്കത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയ്‌ക്കെതിരെ സമ്പൂര്‍ണ ഉപരോധമേര്‍പ്പെടുത്തി ബ്രിട്ടണ്‍. പ്രധാനമന്ത്രി ബോറിസ് ജോണ്‍സനാണ് ഇക്കാര്യം അറിയിച്ചത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ സ്വേച്ഛാധിപതിയാണെന്ന് തുറന്നടിച്ച അദ്ദേഹം ഉക്രൈനില്‍ റഷ്യ നടത്തുന്നത് ജനാധിപത്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും പറഞ്ഞു.

അതേസമയം റഷ്യ-ഉക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനുമായി ഇന്ന് രാത്രി ആശയവിനിമയം നടത്തും. റഷ്യ തന്നെയാണ് ഇത്തരത്തിലുള്ള ചര്‍ച്ച വേണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടത്.

ഉക്രൈന്‍ ആക്രമണവുമായി ബന്ധപ്പെട്ട ഇന്ത്യന്‍ നിലപാട് മോദി പുടിനോട് വിശദീകരിക്കും. ഇന്ത്യന്‍ പൗരന്മാരുടെ നാട്ടിലേക്കുള്ള മടക്കം ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകും.

ഉക്രൈന്‍ വിഷയത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്നത് ഗുണം ചെയ്യുമെന്ന് ഇന്ത്യയിലെ ഉക്രൈന്‍ സ്ഥാനപതി ഇഗോര്‍ പൊലിഖ പറഞ്ഞിരുന്നു. ഇന്ത്യയും റഷ്യയും തമ്മില്‍ സവിശേഷമായ ബന്ധമാണുള്ളതെന്നും അതുകൊണ്ട് ഈ പ്രതിസന്ധിയെ നേരിടുന്നതില്‍ ഇന്ത്യയ്ക്ക് കൂടുതല്‍ നിര്‍ണായകമായ ഇടപെടല്‍ നടത്താനാവുമെന്നും അദ്ദേഹം നിരീക്ഷിച്ചു.

വ്യോമാപാത അടച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ പൗരന്മാരെ കൊണ്ടുപോകാന്‍ കീവിലേക്കു പോയ എയര്‍ ഇന്ത്യ വിമാനം ഉക്രൈനില്‍ ഇറങ്ങാതെ മടങ്ങിയിരുന്നു. ഉക്രൈനില്‍ നിന്ന് പൗരന്മാരെ ഒഴിപ്പിക്കാന്‍ ഇന്ത്യ ഇപ്പോള്‍ ബദല്‍ വഴികള്‍ തേടുകയാണ്.