തുര്‍ക്കി, സിറിയ ഭൂകമ്പം: മരണം 11,400 കവിഞ്ഞു; ആകെ മരണം 20,000 കടന്നേക്കാമെന്ന് ലോകാരോഗ്യ സംഘടന

ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ തെക്കന്‍ തുര്‍ക്കിയിലും വടക്കന്‍ സിറിയയിലുമായി മരണസംഖ്യ 11,400 കവിഞ്ഞു. ഔദ്യോഗിക കണക്കനുസരിച്ച് 11,416 പേരാണു മരിച്ചത്. തുര്‍ക്കിയില്‍ 8,754 പേര്‍ മരിച്ചതായി പ്രസിഡന്റ് തയിപ് എര്‍ദോഗന്‍ പറഞ്ഞു. ദുരന്തമുണ്ടായ ആദ്യ ദിവസം രക്ഷാപ്രവര്‍ത്തനത്തില്‍ ചില പ്രശ്‌നമുണ്ടായിരുന്നെന്നും നിലവില്‍ കാര്യങ്ങള്‍ നിയന്ത്രണത്തിലാണെന്നും എര്‍ദോഗന്‍ വ്യക്തമാക്കി.

ആറായിരത്തിലേറെ തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍ ആയിരങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്. കടുത്ത തണുപ്പിനെ അവഗണിച്ചും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ആകെ മരണം 20,000 കടന്നേക്കാമെന്നാണു ലോകാരോഗ്യ സംഘടനയുടെ നിഗമനം. മേഖലയില്‍ 1999ല്‍ ഉണ്ടായ സമാനമായ ഭൂകമ്പത്തില്‍ 17,000 പേര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

രക്ഷാപ്രവര്‍ത്തനത്തിനും വൈദ്യസഹായത്തിനുമായി ഇന്ത്യയുടെ കരസേന, ദേശീയ ദുരന്ത നിവാരണ സേനാ സംഘങ്ങള്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ ഇന്നലെ തുര്‍ക്കിയിലും സിറിയയിലും എത്തി. മരുന്നുകള്‍, രക്ഷാപ്രവര്‍ത്തനത്തിനും പരിചരണത്തിനും ആവശ്യമായ സാമഗ്രികള്‍ എന്നിവയുമായാണു സംഘങ്ങള്‍ എത്തിയത്.

കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ 101 അംഗ ദുരന്തനിവാരണസേനയെയാണ് ഇന്ത്യ തുര്‍ക്കിയിലേക്കയച്ചത്. ഡോക്ടര്‍മാരും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ കണ്ടെത്താന്‍ വൈദഗ്ധ്യമുള്ള നായ്ക്കളും സംഘത്തിനൊപ്പുമുണ്ട്. ഇതിനു പിന്നാലെ 99 പേരടങ്ങുന്ന കരസേനാ പാരാ മെഡിക് സംഘവും തുര്‍ക്കിയിലെത്തി. പരുക്കേറ്റവര്‍ക്കു വൈദ്യപരിചരണം ലഭ്യമാക്കുകയാണു ദൗത്യം.