ഇത് മലയാള സിനിമയുടെ അവസാനമാണെന്ന് വരെ പറഞ്ഞവരുണ്ട്, ഈ വർഷം ഇത്രയും വിജയ ചിത്രങ്ങളുള്ള മറ്റൊരു ഭാഷയുണ്ടോ: ടൊവിനോ തോമസ്

മലയാള സിനിമ അതിന്റെ സുവർണ്ണ കാലഘട്ടത്തിലൂടെയാണ് കടന്നുപോവുന്നത്. മഞ്ഞുമ്മൽ ബോയ്സ്, ആടുജീവിതം, പ്രേമലു, ആവേശം എന്നീ മൂന്ന് സിനിമകളാണ് ഈ വർഷം 100 കോടി ക്ലബ്ബിൽ കയറിയത്. കൂടാതെ ഭ്രമയുഗം, അന്വേഷിപ്പിൻ കണ്ടെത്തും, വർഷങ്ങൾക്കു ശേഷം, അഞ്ചക്കള്ളകോക്കാൻ, മലൈകോട്ടൈ വാലിബൻ, ആട്ടം, ഫാമിലി തുടങ്ങീ സിനിമകളും മികച്ച പ്രേക്ഷക- നിരൂപക പ്രശംസകൾ നേടിയ ചിത്രങ്ങളാണ്.

ഒരു സമയത്ത് മലയാള സിനിമയെ അന്യ ഭാഷാപ്രേക്ഷകർ നിരന്തരം മികച്ച സിനിമകൾ ഇറങ്ങുന്നില്ലെന്ന പേരിൽ കളിയാക്കിയിരുന്നു. എന്നാൽ 2024 എന്ന വർഷം തുടങ്ങി നാല് മാസമായപ്പോഴേക്കും 900 കോടി വിറ്റുവരവാണ് മലയാള സിനിമകൾ ഉണ്ടാക്കിയിരിക്കുന്നത്.

ഇപ്പോഴിതാ മലയാള സിനിമയെ കളിയാക്കിയിരുന്ന കാലത്തെ കുറിച്ച് സംസാരിക്കുകയാണ് ടൊവിനോ തോമസ്. ഒരു സമയത്ത് മലയാള സിനിമയെ പെട്ടിക്കട വുഡ് എന്നൊക്കെ വിളിച്ചിരുന്നുവെന്നും, സിനിമയ്ക്കുള്ളിൽ വർക്ക് ചെയ്യുന്ന ആളുകൾ എന്ന നിലയ്ക്ക് തങ്ങൾക്കത് നല്ല വിഷമമുണ്ടാക്കിയിരുന്നുവെന്നും ടൊവിനോ പറയുന്നു. തന്റെ പുതിയ ചിത്രം ‘നടികർ’ റിലീസ് ചെയ്യാനിരിക്കെയാണ് ടൊവിനോയുടെ പ്രതികരണം.

“ഒരു സമയത്ത് മലയാള സിനിമയെ പെട്ടിക്കട വുഡ് എന്നൊക്കെ വിളിച്ചിരുന്നു. സിനിമയ്ക്കുള്ളിൽ വർക്ക് ചെയ്യുന്ന ആളുകൾ എന്ന നിലയ്ക്ക് ഞങ്ങൾക്ക് നല്ല വിഷമമുണ്ടായിരുന്നു. കാരണം നമ്മൾ ഇന്ന് ഷൂട്ട് ചെയ്തിട്ട് നാളെ ഇറക്കുന്ന ഒന്നല്ലല്ലോ സിനിമ. കൊറോണയൊക്കെ വന്നപ്പോൾ പരിമിതികൾക്കിടയിൽ നിന്ന് ഏറ്റവും കൂടുതൽ സിനിമകൾ ചെയ്തിട്ടുണ്ടാവുക മലയാളം ഇൻഡസ്ട്രിയായിരിക്കും.

അന്നൊക്കെ ആദ്യം ഒ. ടി. ടിയിൽ സിനിമകൾക്ക് ഒരു തള്ള് ഉണ്ടായിരുന്നു. എന്നാൽ പിന്നീട് സെല്ലാവാതെ ഇരിക്കുന്ന അവസ്ഥയൊക്കെ വന്നിരുന്നു. കഴിഞ്ഞ കൊല്ലം ഇറങ്ങിയ സിനിമകളിൽ ഭൂരിഭാഗവും കഴിഞ്ഞ വർഷം ഷൂട്ട് ചെയ്‌ത ചിത്രങ്ങളല്ല. വളരെയധികം സ്ട്രഗിൾ ചെയ്‌തിരുന്ന സിനിമകളും കഴിഞ്ഞ വർഷമാണ് റിലീസ് ചെയ്‌തത്‌. അതുകൊണ്ട് മലയാള സിനിമക്ക് വലിയ പ്രതിസന്ധിയാണെന്നും മലയാള സിനിമയുടെ അവസാനമാണെന്നും പറഞ്ഞവരൊക്കെയുണ്ട്.

വലിയ വലിയ സിനിമകൾ ചെയ്യണം ഇറക്കണമെന്നുള്ള ചിന്തകൾ ആദ്യ മുതലേ ഉണ്ടായിരുന്നു. എന്നാൽ അതിന് മൊത്തത്തിൽ എല്ലാമൊന്ന് റെഡിയായി വന്നത് കഴിഞ്ഞ വർഷമൊക്കെയാണ്. അപ്പോഴെക്കെ ഷൂട്ട് ചെയ്ത സിനിമകൾ ഇറങ്ങുന്നതേയുള്ളൂ. മഞ്ഞുമ്മൽ ബോയ്‌സ് 2022ൽ ഷൂട്ട് ചെയ്തിരുന്ന സിനിമയാണ്. നമ്മളെ പെട്ടിക്കട വുഡ് എന്നൊക്കെ വിളിക്കുമ്പോഴും മഞ്ഞുമ്മൽ ബോയ്‌സിൻ്റെ ഷൂട്ട് നടക്കുന്നുണ്ട് എന്നാലോചിക്കണം.

അതൊക്കെ വെച്ചുനോക്കുമ്പോൾ സമയം എടുത്തിട്ടാണെങ്കിലും ആളുകൾ അത് മാറിപറയുന്നുണ്ട്. ഞങ്ങൾക്ക് ഉറപ്പായിരുന്നു അത് മാറ്റി പറയുമെന്ന്. കാരണം മഞ്ഞുമ്മലിൻ്റെ സെറ്റിലൊക്കെ ഞാൻ പോയിട്ടുണ്ട്. എല്ലാവരും എന്റെ സുഹൃത്തുക്കളല്ലേ. മഞ്ഞുമ്മൽ വലിയ വിജയമാവുമെന്ന് അന്ന് തന്നെ ഉറപ്പുണ്ടായിരുന്നു. അതുപോലെ ഇപ്പോൾ ഇറങ്ങി വലിയ വിജയമായി കൊണ്ടിരിക്കുന്ന ചിത്രങ്ങൾ മലയാള സിനിമയ്ക്ക് പുതിയ വാതിലുകൾ തുറക്കുമെന്ന് ഞങ്ങൾക്കറിയാം.”

ഈ വർഷം ഇത്രയും വിജയ ചിത്രങ്ങളുള്ള മറ്റൊരു ഭാഷയുണ്ടോ എന്നാണ് എന്റെ സംശയം. തീർച്ചയായും ആ ഒരു കുതിപ്പിന് തടസമില്ലാതെ നമ്മുടെ സിനിമയും മുന്നോട്ട് പോകണമെന്നാണ് ആഗ്രഹം.” എന്നായിരുന്നു ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ടൊവിനോ തോമസ് പറഞ്ഞത്.

അതേസമയം ഹണീ ബീ, ഹായ് ഐയാം ടോണി, ഡ്രൈവിങ് ലൈസൻസ് എന്നീ ചിത്രങ്ങൾക്ക് ശേഷം ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ചിത്രമാണ് നടികർ. ഭാവനയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. സൗബിൻ ഷാഹിറും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ടൊവിനോ അവതരിപ്പിക്കുന്ന ഡേവിഡ് പടിക്കൽ എന്ന സൂപ്പർ സ്റ്റാറിന്റെ സിനിമാ ജീവിതവും അതുമായി ബന്ധപ്പെട്ട് വ്യക്തി ജീവിതത്തിൽ ഉടലെടുക്കുന്ന സംഘർഷങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് ട്രെയ്ലറിലൂടെ  ലഭിക്കുന്ന സൂചന.

‘പുഷ്പ– ദ റൈസ്’ നിര്‍മ്മിച്ച മൈത്രി മൂവി മേക്കേഴ്സ് നടികരിലൂടെ മലയാളത്തിലേക്ക് ചുവടുവെക്കുന്നുവെന്നതും ശ്രദ്ധേയമായ കാര്യമാണ്. മൈത്രി മൂവി മേക്കേഴ്‌സിന്റെ വൈ.നവീനും വൈ.രവി ശങ്കറിനോടുമൊപ്പം, അലന്‍ ആന്റണിയും അനൂപ് വേണുഗോപാലും നേതൃത്വം നല്‍കുന്ന ഗോഡ്സ്പീടും ചിത്രത്തിന്റെ നിര്‍മാണ പങ്കാളിയാണ്.