തുര്‍ക്കി-സിറിയ ഭൂകമ്പം; മരണം 28,000 കടന്നു

തുര്‍ക്കിയിലും സിറിയയിലും തിങ്കളാഴ്ച ഉണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 28,000 കവിഞ്ഞു. ഭൂകമ്പത്തില്‍ കാണാതായ വിജയ് കുമാര്‍(35) എന്ന ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെത്തി. ദുരന്തത്തില്‍ കൊല്ലപ്പെട്ട ഏക ഇന്ത്യക്കാരനാണ് ഉത്തരാഖണ്ഡിലെ പൗരി ഗഡ്വാള്‍ സ്വദേശിയായ വിജയ്കുമാര്‍.

ഇന്ത്യന്‍ സൈന്യത്തിന്റെ വൈദ്യസഹായ സംഘം തുര്‍ക്കിയിലെ ഇസ്‌കെന്‍ഡെറൂനില്‍ താല്‍ക്കാലിക ആശുപത്രി നിര്‍മിച്ച് ചികിത്സ തുടങ്ങിയിട്ടുണ്ട്. 31,000 രക്ഷാപ്രവര്‍ത്തകരാണ് ദുരന്ത ബാധിത മേഖലകളില്‍ നിലയുറപ്പിച്ചിരിക്കുന്നത്.

ചില ഗ്രൂപ്പുകള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലുകള്‍ക്ക് പിന്നാലെ ് ജര്‍മ്മന്‍ രക്ഷാപ്രവര്‍ത്തകരും ഓസ്ട്രിയന്‍ സൈന്യവും ശനിയാഴ്ച തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. സ്ഥിതി സുരക്ഷിതമാണെന്ന് കരുതുന്ന മുറയ്ക്ക് ജോലി പുനരാരംഭിക്കുമെന്ന് ജര്‍മ്മന്‍ റെസ്‌ക്യൂ ടീമുകള്‍ അറിയിച്ചു.

ഭൂകമ്പം ഉണ്ടായി അഞ്ച് ദിവസത്തിന് ശേഷം രക്ഷപ്പെടുത്തിയവരില്‍ രണ്ട് വയസുകാരിയും ആറ് മാസം ഗര്‍ഭിണിയായ സ്ത്രീയും, 70 വയസുകാരിയും ഉള്‍പ്പെടുന്നുവെന്ന് തുര്‍ക്കി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഈ നൂറ്റാണ്ടില്‍ ലോകത്തുണ്ടായ ഏഴാമത്തെ മാരക പ്രകൃതിദുരന്തമായി കണക്കാക്കപ്പെടുന്നു.