കരാറിലെത്തിയില്ലെങ്കില്‍ ഇറാനുമേല്‍ ബോംബുകള്‍ വര്‍ഷിക്കും; ഭീഷണിയുമായി ട്രംപ്; ഭീഷണികള്‍ക്ക് കീഴില്‍ ചര്‍ച്ചകള്‍ നടത്തിയാല്‍ പുതിയ 'യുദ്ധ തന്ത്രങ്ങള്‍' പുറത്തെടുക്കാന്‍ ഇറാന്‍ മടിക്കില്ലെന്ന് മറുപടി

ഇറാന്‍- യുഎസ് രണ്ടാംഘട്ട ചര്‍ച്ചകള്‍ ഇന്ന് നടക്കുമോയെന്ന അനിശ്ചിതത്വത്തിനിടെ ഭീഷണിയും വാക്‌പോരുമായി യുഎസും ഇറാനും. വെടിനിര്‍ത്തല്‍ അവസാനിക്കുന്ന ബുധനാഴ്ചയ്ക്കു മുന്‍പ് കരാറിലെത്തിയില്ലെങ്കില്‍ ഇറാനില്‍ ബോംബുകള്‍ വര്‍ഷിക്കുമെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് ഭീഷണിപ്പെടുത്തി. ഹോര്‍മുസില്‍ അമേരിക്കന്‍ ഉപരോധം ലംഘിച്ചെന്ന പേരില്‍ ഇറാനിയന്‍ കപ്പല്‍ യുഎസ് പിടിച്ചെടുത്തതിനെത്തുടര്‍ന്ന് സമാധാന ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ഇറാന്‍ വിസമ്മതിച്ചതിനു പിന്നാലെയാണ് ട്രംപിന്റെ ഭീഷണി. കരാറിലെത്താനാകാതെ താല്‍ക്കാലിക വെടിനിര്‍ത്തന്‍ അവസാനിക്കുകയാണെങ്കില്‍ ഇറാനുമേല്‍ അനേകം ബോംബുകള്‍ പെയ്തിറങ്ങുമെന്ന് പിബിഎസ് ന്യൂസിനോടു സംസാരിക്കവെ ട്രംപ് പറഞ്ഞു.

ഇറാനുമായുള്ള യുദ്ധത്തില്‍ വലിയ വിജയത്തിലേക്ക് നീങ്ങുകയാണെന്ന് യുഎസ് എന്ന് പ്രസിഡന്റ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

വ്യാജ വാര്‍ത്താ മാധ്യമങ്ങള്‍ വായിച്ചാല്‍, നമ്മള്‍ യുദ്ധത്തില്‍ തോല്‍ക്കുകയാണെന്നു നിങ്ങള്‍ക്ക് തോന്നിപ്പോകും. ശത്രുക്കളും ആശയക്കുഴപ്പത്തിലാണ്. കാരണം, അവരും ഈ മാധ്യമ റിപ്പോര്‍ട്ടുകള്‍ തന്നെയാണ് കാണുന്നത്. ഏറ്റവും പ്രധാനപ്പെട്ടത് നമ്മുടെ ഉപരോധമാണ്. കരാര്‍ ഉണ്ടാകുന്നത് വരെ ഉപരോധം പില്‍വലിക്കില്ല. ഇത് ഇറാനെ പൂര്‍ണ്ണമായും നശിപ്പിക്കുകയാണ്. പ്രതിദിനം 50 കോടി ഡോളര്‍ വീതമാണ് അവര്‍ക്ക് നഷ്ടപ്പെടുന്നത്.

അമേരിക്കന്‍ ഉപരോധത്തിനും ഭീഷണികള്‍ക്കും വഴങ്ങി യാതൊരു ചര്‍ച്ചകള്‍ക്കുമില്ലെന്നാണ് പിന്നാലെ ഇറാന്റെ നിലപാട്. സമാധാന ചര്‍ച്ചകളെ കീഴടങ്ങുന്നതിനുള്ള വേദിയാക്കി മാറ്റാന്‍ ഡൊണാള്‍ഡ് ട്രംപ് ശ്രമിക്കുകയാണെന്ന് ഇറാന്റെ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഖാലിബാഫ് ആരോപിച്ചു.

ഭീഷണിയുടെ നിഴലില്‍ ചര്‍ച്ചകള്‍ നടത്തുന്നത് ഇറാന്റെ നയമല്ലെന്നും അമേരിക്കയുടെ സമ്മര്‍ദ തന്ത്രങ്ങള്‍ക്ക് വഴങ്ങില്ലെന്നും മുഹമ്മദ് ബാഗര്‍ ഖാലിബാഫ് അറിയിച്ചു. ഭീഷണികള്‍ക്ക് കീഴില്‍ ചര്‍ച്ചകള്‍ നടത്തിയാല്‍ പുതിയ ‘യുദ്ധ തന്ത്രങ്ങള്‍’ പുറത്തെടുക്കാന്‍ ഇറാന്‍ മടിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ട്രംപിന്റെ നയങ്ങള്‍ക്കെതിരേ കടുത്ത ഭാഷയിലാണ് ഖാലിബാഫ് പ്രതികരിച്ചത്.