സ്വയം രക്ഷകനായ് ചിത്രീകരണം, മാര്‍പാപ്പയെ വിമര്‍ശിച്ച് പിന്നാലെ യേശുവായി ചിത്രീകരിച്ച ചിത്രവുമായി ട്രംപ്; വ്യാപക പ്രതിഷേധത്തിന് പിന്നാലെ ചിത്രം നീക്കി

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വയം രക്ഷകനായി- യേശുവിനെപ്പോലെ താന്‍ നില്‍ക്കുന്നതായി ചിത്രീകരിച്ച വിവാദപരമായ സോഷ്യല്‍ മീഡിയ പോസ്റ്റ് നീക്കം ചെയ്തു. മാര്‍പാപ്പ ലിയോ പതിനാലാമനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെയായിരുന്നു ചിത്രം പങ്കുവെച്ചത. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് നിര്‍മ്മിച്ച ഈ ചിത്രത്തില്‍, ആശുപത്രി കിടക്കയില്‍ കിടക്കുന്ന ഒരു രോഗിയെ ട്രംപ് സുഖപ്പെടുത്തുന്നതായാണ് കാണിച്ചിരുന്നത്.

ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച ഈ പോസ്റ്റിനെതിരെ ട്രംപിനെ പിന്തുണയ്ക്കുന്നവരില്‍ നിന്ന് പോലും ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. വെള്ള വസ്ത്രം ധരിച്ച ട്രംപ് രോഗിയുടെ നെറ്റിയില്‍ തിളങ്ങുന്ന കൈ വെച്ചിരിക്കുന്നതായിരുന്നു ആ ചിത്രം. ഇത് യേശു രോഗികളെ സുഖപ്പെടുത്തുന്ന മതപരമായ പെയിന്റിങുകള്‍ക്ക് സമാനമാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി. ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയും അമേരിക്കന്‍ പതാകയും യുദ്ധവിമാനങ്ങളും ഉള്‍പ്പെടുത്തിയിരുന്നു. ‘താന്‍ ആളുകളെ വളരെയധികം മെച്ചപ്പെട്ടവരാക്കുന്നുണ്ട്’ എന്നാണ് ചിത്രം പങ്കുവെച്ചതിനെക്കുറിച്ച് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍, ഇത്തരമൊരു ചിത്രം ഒരു സാഹചര്യത്തിലും അംഗീകരിക്കാനാവില്ലെന്ന് ക്രൈസ്തവ ആക്ടിവിസ്റ്റായ ഷോണ്‍ ഫ്യൂച്ച് പ്രതികരിച്ചു.

വിമര്‍ശനം ശക്തമായതോടെ തന്നെ ഒരു ഡോക്ടറായാണ് ചിത്രത്തില്‍ കാണിച്ചിരിക്കുന്നതെന്ന് ട്രംപ് അവകാശപ്പെട്ടെങ്കിലും പ്രതിഷേധം രൂക്ഷമായി. പിന്നീട് ആളുകള്‍ക്ക് ആശയക്കുഴപ്പമുണ്ടായതിനാലാണ് ചിത്രം നീക്കം ചെയ്തതെന്ന് വ്യക്തമാക്കി തടിതപ്പി.

ചിത്രത്തിനെതിരെ കടുത്ത വിമര്‍ശനമാണ് മതവിശ്വാസികളുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ദൈവത്തെ പരിഹസിക്കരുത് എന്നാണ് പ്രമുഖ യാഥാസ്ഥിതിക ആക്ടിവിസ്റ്റ് റൈലി ഗെയിന്‍സ് പ്രതികരിച്ചത്. ചിത്രം എല്ലാ പരിധികളും ലംഘിച്ചുവെന്നും വിശ്വാസികള്‍ക്ക് ഇത് അംഗീകരിക്കാനാവില്ലെന്നും ക്രിസ്ത്യന്‍ ബ്രോഡ്കാസ്റ്റിങ് നെറ്റ്‌വര്‍ക്കിലെ പത്രപ്രവര്‍ത്തകന്‍ ഡേവിഡ് ബ്രോഡിയും വ്യക്തമാക്കി.

ഈ വിവാദ ചിത്രം പങ്കുവെക്കുന്നതിന് തൊട്ടുമുന്‍പ് ട്രംപ് മാര്‍പാപ്പ വിദേശനയങ്ങളില്‍ വളരെ മോശമാണെന്നും കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ ദുര്‍ബലമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും ട്രംപ് ആരോപിച്ചു. അമേരിക്കയുടെയും ഇസ്രയേലിന്റെയും ഇറാനിലെ സൈനിക ഇടപെടലുകളെ മാര്‍പാപ്പ ആവര്‍ത്തിച്ച് അപലപിച്ചതാണ് ട്രംപിനെ ചൊടിപ്പിച്ചത്. ഇറാന്‍ യുദ്ധം അസംബന്ധവും മനുഷ്യത്വരഹിതവുമായ അക്രമമാണ് എന്നാണ് ലിയോ പതിനാലാമന്‍ വിശേഷിപ്പിച്ചത്.

ട്രംപിന്റെ മുന്‍പത്തെ സോഷ്യല്‍ മീഡിയ ഇടപെടലുകളും ഇത്തരത്തില്‍ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു ഫെബ്രുവരിയില്‍ ബറാക് ഒബാമയെയും മിഷേല്‍ ഒബാമയെയും അധിക്ഷേപിക്കുന്ന വീഡിയോ പങ്കുവെച്ചത് പ്രതിഷേധത്തെത്തുടര്‍ന്ന് വൈറ്റ് ഹൗസിന് നീക്കം ചെയ്യേണ്ടി വന്നിരുന്നു.