കാബൂളിലെ ഗുരുദ്വാരയില്‍ ഭീകരാക്രമണം; രണ്ടുപേര്‍ കൊല്ലപ്പെട്ടു, പിന്നില്‍ ഐഎസെന്ന് റിപ്പോര്‍ട്ട്

അഫ്ഗാനിസ്ഥാനിന്റെ തലസ്ഥാനമായ കാബൂളില്‍ ഭീകരാക്രമണം. സിഖ് മത വിശ്വാസികളുടെ ഗുരുദ്വാരയിലാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. പ്രകോപനവുമില്ലാതെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഒന്നിലധികം തവണ സ്‌ഫോടനം നടന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ആക്രമണത്തിന് പിന്നില്‍ ഐഎസ് തീവ്രവാദ സംഘമാണെന്നാണ് പ്രാഥമിക സൂചന. ഇന്ത്യന്‍ സമയം രാവിലെ 8.30യോടെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തെ തുടര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുന്നതായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു. മരണസംഖ്യ സംബന്ധിച്ച് പൂര്‍ണമായി വ്യക്തത വന്നിട്ടില്ല. ഭീകരരും താലിബാന്‍ സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഗുരുദ്വാര താലിബാന്‍ സേന വളഞ്ഞതോടെ, ഭീകരര്‍ ഗുരുദ്വാരയില്‍ കുടുങ്ങിയിരിക്കുകയാണ്. ഭീകരരെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്. കഴിഞ്ഞദിവസം 2020ലെ ഗുരുദ്വാര ആക്രമണത്തിന് സമാനമായി വീണ്ടും ആക്രമണം നടത്തുമെന്ന് ഐഎസിന്റെ മീഡിയ വിഭാഗം ഭീഷണി മുഴക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം.

അഫ്ഗാനില്‍ താലിബാന്‍ അധിരാരത്തിലേറിയതിന് പിന്നാലെ ഐഎസ്‌ഐഎസ്-കെ രാജ്യത്ത് വ്യാപകമായി ആക്രമണങ്ങള്‍ നടത്തുന്നുണ്ട്. ആറു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അഫ്ഗാനില്‍ ഐഎസിന്റെ ശാഖയായി ഐഎസ്‌ഐഎസ്-കെ സ്ഥാപിക്കപ്പെടുന്നത്.