അഫ്​ഗാനിൽ തടഞ്ഞുവെച്ച 150 ഇന്ത്യക്കാരെ താലിബാൻ വിട്ടയച്ചു; എല്ലാവരും സുരക്ഷിതരെന്ന് റിപ്പോർട്ട്

അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്ത് താലിബാൻ തടഞ്ഞുവെച്ച 150 ഇന്ത്യക്കാരെ താലിബാൻ സംഘം വിട്ടയച്ചു.

ഇവർ സുരക്ഷിതരാണെന്ന് റിപ്പോർട്ട് പുറത്ത് വന്നു. വിമാനത്താവളത്തിനു സമീപത്തെ ഗാരേജിൽ എത്തിയെന്നും ഇവരുടെ പാസ്പോർട്ട്, ടിക്കറ്റ് ഉൾപ്പെടെയുള്ളവ പരിശോധിക്കുകയായിരുന്നെന്ന് എൻ‍‍ഡിടിവി റിപ്പോർട്ടു ചെയ്തു

രേഖകൾ പരിശോധിച്ച ശേഷം ഇവരെ വിട്ടയച്ചെന്നും ഇവർ കാബൂൾ വിമാനത്താവളത്തിനുള്ളിൽ പ്രവേശിച്ചെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

150 ഇന്ത്യക്കാരെ താലിബാൻ തടഞ്ഞുവെച്ചെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ 85 ഇന്ത്യക്കാരെ കാബൂളിൽ നിന്ന് വ്യോമസേനാ വിമാനത്തിൽ താജിക്കിസ്ഥാനിലേക്ക് ഒഴിപ്പിച്ചിരുന്നു. ഇതിന് മണിക്കൂറുകൾക്ക് ശേഷമാണ് 150 ഓളം ഇന്ത്യക്കാരെ തടഞ്ഞുവെച്ചെന്ന റിപ്പോർട്ടുകൾ വന്നത്.

വ്യോമസേനയുടെ നേതൃത്വത്തിൽ ഒരു വിമാനം കൂടി ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായി എത്തുന്നുണ്ട്. കാബൂൾ വിമാനത്താവളത്തിലേക്ക് കഴിയാവുന്നത്ര ഇന്ത്യക്കാരെ എത്തിക്കാൻ ശ്രമിക്കുന്നുണ്ടെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന വിവരം.

കാബൂളിലെ വിവിധ ഹോട്ടലുകളിൽ താമസിച്ചിരുന്ന ഇന്ത്യക്കാരെ ഇന്നലെ രാത്രിയാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ബസ്സുകളിലും കാറുകളിലുമായി വിമാനത്താവളത്തിനടുത്ത് എത്തിച്ചത്. കാബൂൾ വിമാനത്താവളത്തിന്റെ പൂർണ ചുമതല അമേരിക്കൻ സൈന്യത്തിനാണ്.