കപ്പലിലെ തീ അണയ്ക്കാനാകുന്നില്ല; കത്തിയമര്‍ന്ന് 4,000 ആഡംബര കാറുകൾ

ആയിരക്കണക്കിന് ആഢംബര വാഹനങ്ങളുമായി അറ്റ്‌ലാന്റിക് സമുദ്രത്തില്‍ കത്തിയമരുന്ന ദി ഫെലിസിറ്റ് ഏസ് എന്ന ചരക്ക് കപ്പലിലെ തീ അണയ്ക്കാന്‍ സാധിക്കുന്നില്ല. പോര്‍ഷെ, ഓഡി, ബെന്റ്‌ലി, ലംബോര്‍ഗിനി എന്നിവയടക്കം 4,000 വാഹനങ്ങളാണ് കപ്പലില്‍ കത്തി നശിച്ചുകൊണ്ടിരിക്കുന്നത്.

ജര്‍മ്മനിയിലെ ഫോക്‌സ്വാഗന്‍ ഫാക്ടറിയില്‍ നിന്നും യുഎസിലേക്കു തിരിച്ച കപ്പലിന് പോര്‍ച്ചുഗല്‍ അസോരസ് ദ്വീപുകളുടെ തീരത്ത് വെച്ച് ബുധനാഴ്ചയാണ് തീ പിടിച്ചത്. കപ്പലിലെ ജീവനക്കാരെ അന്ന് തന്നെ രക്ഷിച്ചിരുന്നു. അതേ സമയം തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

തീ അണയ്ക്കാന്‍ ഇനിയും സമയം എടുക്കുമെന്നാണ് ക്യാപ്റ്റന്‍ ജോവോ മെന്‍ഡസ് കാബിയാസ് പറയുന്നത്. വാഹനങ്ങളിലെ ലിഥിയം അയണ്‍ ബാറ്ററികള്‍ തീ അണയ്ക്കുന്നതിന് തടസമാകുന്നു. സാധാരണ രീതിയിലുള്ള അഗ്‌നിശമന സംവിധാനങ്ങള്‍ ഇവിടെ പ്രായോഗികമല്ലെന്നാണ് വിദഗ്ദരുടെ അഭിപ്രായം. ഇനിയും തീ നിയന്ത്രണ വിധേയമാക്കിയില്ലെങ്കില്‍ കപ്പല്‍ പൂര്‍ണമായും കത്തി നശിക്കും.