ഷിന്‍സോ ആബെയുടെ നിലഗുരുതരം; അക്രമി കസ്റ്റഡിയില്‍, മുന്‍ പ്രതിരോധസേനാംഗമെന്ന് സൂചന

ജപ്പാനില്‍ വെടിയേറ്റ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ നില അതീവഗുരുതരം. വെടിവെച്ച അക്രമിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാള്‍ മുന്‍ പ്രതിരോധസേനാംഗമാണെന്നാണ് സൂചന. ആക്രമണത്തിന് ഉപയോഗിച്ച തോക്ക് ഇയാള്‍ സ്വയം നിര്‍മ്മിച്ചതാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന് പ്രധാനമന്ത്രി ഫുമിയോ കിഷിദ രാജ്യത്തെ അഭിസംബോധന ചെയ്യും.

ജപ്പാനിലെ നാര നഗരത്തില്‍ വച്ചാണ് ഷിന്‍സോ ആബെയ്ക്ക് വെടിയേറ്റത്. നെഞ്ചിലാണ് വെടിയേറ്റിരിക്കുന്നതെന്ന് ജാപ്പനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നാര നഗരത്തില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് ഷിന്‍സോ ആബെയ്ക്ക് വെടിയേറ്റത്. രണ്ടു തവണ വെടിയൊച്ച കേട്ടതായാണ് റിപ്പോര്‍ട്ടുകള്‍. പിന്നില്‍ നിന്നാണ് വെടിവെച്ചത്.

40 വയസ്സുള്ളയാളാണ് അക്രമിയെന്ന് പൊലീസ് അറിയിച്ചു.അബോധാവസ്ഥയിലായ ഷിന്‍സോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെടിയേറ്റതിന് പിന്നാലെ അദ്ദേഹത്തിന് ഹൃദയാഘാതവും ഉണ്ടായി. ശ്വസിക്കാന്‍ കഴിയുന്നില്ലെന്നും, ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലച്ച മട്ടിലാണെന്നും അധികൃതര്‍ സൂചിപ്പിച്ചു.

ആബെയുടെ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും മെഡിക്കല്‍ അധികൃതര്‍ അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2020 ഓഗസ്റ്റിലാണ് ഷിന്‍സോ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചത്. ജപ്പാന്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായിരുന്ന ആളാണ് ആബെ.