റഷ്യന്‍ സ്ത്രീകള്‍ എട്ടോ അതിലധികമോ കുട്ടികളെ പ്രസവിക്കണം; വലിയ കുടുംബം ഉണ്ടാക്കണമെന്ന് വ്‌ളാഡിമര്‍ പുടിന്‍

റഷ്യയുടെ ജനസംഖ്യ വര്‍ദ്ധിപ്പിക്കുകയെന്നതാണ് വരും വര്‍ഷങ്ങളില്‍ തങ്ങളുടെ ലക്ഷ്യമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍. റഷ്യന്‍ സ്ത്രീകള്‍ എട്ടോ അതിലധികമോ കുട്ടികളെ പ്രസവിക്കണമെന്ന് പുടിന്‍ പറഞ്ഞു. വലിയ കുടുംബം ഉണ്ടാക്കുക എന്നതാകണം ലക്ഷ്യമെന്നും മോസ്‌കോയില്‍ നടന്ന വേള്‍ഡ് പീപ്പിള്‍സ് കൗണ്‍സിലിനെ അഭിസംബോധന ചെയ്തുകൊണ്ട് പുടിന്‍ കൂട്ടിച്ചേര്‍ത്തു.

നമ്മുടെ പല മുത്തശ്ശിമാര്‍ക്കും എട്ടോ അതിലധികമോ കുട്ടകളുണ്ടായിരുന്നു. ഈ കാര്യം നിങ്ങള്‍ മറന്നുപോകരുത്. ഈ മഹത്തായ പാരമ്പര്യം നമുക്ക് തിരികെ കൊണ്ടുവരുകയും സംരക്ഷിക്കുകയും ചെയ്യാം. വലിയ കുടുംബം എന്നത് എല്ലാവരുടെയും ജീവിതരീതിയായി മാറണമെന്നും കുടുംബം എന്നത് സമൂഹത്തിന്റെ അടിസ്ഥാനം മാത്രമല്ല അത് ആത്മീയ പ്രതിഭാസം കൂടിയാണെന്നും പുടിന്‍ പറഞ്ഞു.

റഷ്യയിലെ ഓര്‍ത്തഡോക്‌സ് സഭയുടെ തലവന്‍ പാത്രിയോര്‍ക്കീസ് കിറില്‍ സംഘടിപ്പിച്ച സമ്മേളനത്തിലായിരുന്നു പുടിന്‍ നിലപാട് വ്യക്തമാക്കിയത്. 1990 മുതല്‍ റഷ്യയുടെ ജനന നിരക്ക് കുറവാണ്. ഇതിന് പുറമേ യുക്രെയ്ന്‍ യുദ്ധം തുടങ്ങിയ ശേഷം മൂന്ന് ലക്ഷത്തിലധികം റഷ്യക്കാര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്.

യുദ്ധത്തിന് പിന്നാലെ ഒന്‍പത് ലക്ഷത്തിലധികം റഷ്യക്കാര്‍ രാജ്യം വിട്ടതായും റിപ്പോര്‍ട്ടുണ്ട്. യുക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്ന് പാശ്ചാത്യ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം മൂലം കടുത്ത തൊഴിലാളി ക്ഷാമവും സാമ്പത്തിക മാന്ദ്യവും റഷ്യയെ ബാധിക്കുന്നുണ്ട്.