ശ്രീലങ്കയില്‍ കലാപം, പ്രക്ഷോഭകര്‍ പ്രസിഡന്‍റിന്‍റെ വസതി കൈയേറി; ഗോത്തബയ രജപക്‌സെ രാജ്യം വിട്ടെന്ന് റിപ്പോര്‍ട്ട്

ശ്രീലങ്കയില്‍ കലാപം. ആയിരക്കണക്കിന് പ്രക്ഷോഭകര്‍ പ്രസിഡന്റ് ഗോത്തബയ രജപക്‌സെയുടെ വസതി കയ്യേറി. സുരക്ഷാ സേനകളെയെല്ലാം മറികടന്ന് ആയിരക്കണക്കിന് പ്രക്ഷോഭകരാണ് വസതി വളഞ്ഞത്. കലാപം ശക്തമായതോടെ രജപക്‌സെ രാജ്യം വിട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

രാജ്യത്ത് അതീവ ഗുതുതര സ്ഥിതി നിലനില്‍ക്കുന്ന സാഹചര്യം പരിഗണിച്ച് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ശ്രീലങ്കയില്‍ കലാപം പൊട്ടിപുറപ്പെട്ടത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബസുകളിലും, ട്രെയിനുകളിലും ട്രക്കുകളിലുമായി ആയിരക്കണക്കിന് ആളുകളാണ് തലസ്ഥാനമായ കൊളംബോയില്‍ എത്തിയത്. പ്രതിഷേധങ്ങളെ തുടര്‍ന്ന് സൈന്യത്തിനും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വെള്ളിയാഴ്ചയും പ്രതിഷേധക്കാര്‍ക്ക് നേരെ കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചിരുന്നു. മാസങ്ങളായി തുടരുന്ന പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ യാതൊന്നും ചെയ്തില്ലെന്നാണ് ആരോപണം.

പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം തുടങ്ങിയിട്ട് മാസങ്ങളായി. മഹിന്ദ രാജപക്‌സെ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചിട്ടും ഗോത്തബയ പ്രസിഡന്റായി തുടരുകയായിരുന്നു.