പുടിന്റെ നടപടികള്‍ യൂറോപ്പിന്റെ സുരക്ഷയ്ക്ക് ഭീഷണി: ബോറിസ് ജോൺസൺ

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ നടപടികള്‍ യൂറോപ്പിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. അടിയന്തരമായി യു.എന്‍ രക്ഷാസമിതി യോഗം വിളിച്ച് ചേര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കിയുമായി ഫോണില്‍ സംസാരിച്ചപ്പോഴാണ് അദ്ദേഹം ഇക്കാരര്യം പറഞ്ഞത്.

അതേ സമയം, ഉക്രൈനിലെ സപോര്‍ഷ്യ ആണവനിലയം റഷ്യന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണെന്ന് പ്രാദേശികഭരണകൂടം അറിയിച്ചു. യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയമാണ് സപോര്‍ഷ്യ. പുലര്‍ച്ചെ ശക്തമായ ഷെല്ലാക്രമണത്തിലൂടെയാണ് ആണവനിലയം റഷ്യ പിടിച്ചെടുത്തത്. ഷെല്ലുകള്‍ വീണ് ആണവനിലയത്തിലെ പരിശീലനകേന്ദ്രത്തില്‍ തീപിടുത്തമുണ്ടായി.

റിയാക്ടറുകളുടെ സുരക്ഷാപരിധിക്ക് പുറത്താണ് ഷെല്ലുകള്‍ വീണതെന്നാണ് റഷ്യ പറയുന്നത്. തീയണയ്ക്കാന്‍ അഗ്നിരക്ഷാസേനയെ റഷ്യന്‍ സേന ആദ്യം അനുവദിച്ചിരുന്നില്ല. പിന്നീട് തീ അണച്ചു. ഇപ്പോള്‍ ആണവ വികരിണത്തോത് നിയന്ത്രിത പരിധിയിലാണെന്നും അധികൃതര്‍ അറിയിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം് രാജ്യാന്തര ആണവോര്‍ജ ഏജന്‍സി ആക്രമണം ഉടന്‍ അവസാനിപ്പിക്കണമെന്ന് റഷ്യയക്ക് മുന്നറിയിപ്പും നല്‍കിയിരുന്നു.