റഷ്യൻ അനുകൂല നിലപാട്: ജി7 ഉച്ചകോടിയിലേക്ക് ഇന്ത്യയെ ക്ഷണിക്കാൻ മടിച്ച് ജർമ്മനി

ജൂണില്‍ നടക്കുന്ന ജി 7 ഉച്ചകോടിയിലേക്ക് അതിഥി രാജ്യമായി ഇന്ത്യയെ ക്ഷണിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാതെ ജര്‍മനി. ഉക്രൈനിലെ റഷ്യന്‍ അധിനിവേശത്തില്‍ റഷ്യയ്‌ക്കെതിരെ നിലപാട് സ്വീകരിക്കാതെ നിഷ്പക്ഷമായി നിലകൊണ്ടതിനെ തുടര്‍ന്നാണ് ഇന്ത്യയെ ക്ഷണിക്കുന്ന കാര്യത്തില്‍ ജര്‍മനി മടികാണിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ജര്‍മനിയിലെ ബവേറിയയില്‍ നടക്കുന്ന മീറ്റിംഗില്‍ സെനഗള്‍, ദക്ഷിണാഫ്രിക്ക, ഇന്തോനേഷ്യ എന്നാ രാജ്യങ്ങളെ ക്ഷണിക്കും. ഉക്രൈന്‍ യുദ്ധത്തിന് മുമ്പ് തയ്യാറാക്കിയിരുന്ന അതിഥി രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഉണ്ടായിരുന്നു. നിലവില്‍ ഇന്ത്യയുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും ജര്‍മന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

യുദ്ധത്തെ തുടര്‍ന്ന് റഷ്യയ്‌ക്കെതിരെ ഇതുവരെ ഇന്ത്യ രംഗത്ത് വന്നിട്ടില്ല. ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടത്തി സമാധാനം പുനസ്ഥാപിക്കണമെന്നാണ് ഇന്ത്യയുടെ നിലപാട്. യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്നും റഷ്യയെ പുറത്താക്കാനുള്ള വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്ന 50 രാജ്യങ്ങളിലൊന്ന് ഇന്ത്യയായിരുന്നു. റഷ്യയ്‌ക്കെതിരായ ഉപരോധത്തില്‍ നിന്നും ഇന്ത്യ വിട്ടു നിന്നിരുന്നു.

നിലവില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ വര്‍ധിച്ചിരിക്കുന്നതിനാല്‍ റഷ്യന്‍ വിപണിയെ കൂടുതല്‍ ആശ്രയിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. റഷ്യന്‍ എണ്ണക്കമ്പനികള്‍ ഇന്ത്യക്ക് വലിയ ഇളവുകളും നല്‍കുന്നുണ്ട്. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും റഷ്യക്ക് മേല്‍ വിലക്ക് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ റഷ്യയുമായുള്ള ഇടപാടിന് പല രാജ്യങ്ങളും മടിക്കാണിക്കുമ്പോളാണ്് ഇന്ത്യ-റഷ്യ എണ്ണ ഇടപാട് നടക്കുന്നത്.