സ്ത്രീകള്‍ക്കും ഭരണ വകുപ്പ് മേധാവികളാകാം; വത്തിക്കാന്‍ ഭരണഘടന തിരുത്തി മാര്‍പാപ്പ

വത്തിക്കാന്‍ ഭരണസിരാ കേന്ദ്രമായ കൂരിയയുടെ പുതിയ അപ്പസ്തോലിക രേഖ പുറത്തിറക്കി ഫ്രാന്‍സിസ് മാര്‍പാപ്പ. ഇനി ഇത് പ്രകാരം മാമോദീസ സ്വീകരിച്ച സ്ത്രീകള്‍ ഉള്‍പ്പെടെ ഏത് കത്തോലിക്ക വിശ്വാസിക്കും വത്തിക്കാനിലെ വിവിധ ഭരണ വകുപ്പുകളുടെ നേതൃസ്ഥാനം വഹിക്കാനാവും. നിലവില്‍ അഭിഷിക്തരായവരില്‍ പ്രധാനമായും കര്‍ദിനാള്‍മാരാണ് വിവിധ വകുപ്പുകളുടെ തലപ്പത്തുള്ളത്.

പുതിയ ഭരണരേഖ അനുസരിച്ച് എല്ലാ കത്തോലിക്ക വിശ്വാസികള്‍ക്കും വചനപ്രഘോഷണത്തിന് ഉത്തരവാദിത്തമുണ്ടെന്ന് മാര്‍പാപ്പ പറഞ്ഞു. മാര്‍പാപ്പയ്ക്കും മെത്രാന്മാര്‍ക്കും വൈദികര്‍ക്കും സന്യസ്തര്‍ക്കും മാത്രമല്ല, അല്‍മായര്‍ ഉള്‍പ്പെടെ സഭയിലെ എല്ലാ അംഗങ്ങളും ഈ ചുമതല നിര്‍വഹിക്കേണ്ടവരാണ്. ഭരണവകുപ്പുകളുടെ എണ്ണം 16 ആയി ഏകോപിപ്പിച്ച് പേര് ‘ഡികാസ്റ്ററി’ എന്ന് മാറ്റി.

Read more

‘പ്രേഡീക്കേറ്റ് ഇവാന്‍ജലിയം’ എന്ന പുതിയ ഭരണരേഖ പന്തക്കുസ്ത ദിനമായ ജൂണ്‍ 5ന് നിലവില്‍ വരും. 9 വര്‍ഷമെടുത്ത് തയാറാക്കിയ 54 പേജുള്ള പുതിയ ഭരണരേഖ ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനമേറ്റതിന്റെ 9ാം വാര്‍ഷികദിനത്തിലാണ് പുറത്തിറക്കിയത്. 1988 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പുറത്തിറക്കിയ ‘പാസ്തര്‍ ബോനുസ്’ എന്ന അപ്പസ്തോലിക രേഖയ്ക്കു പകരമാണിത്.