'ഇതുവരെ അത്തരമൊരു ആലോചന മനസില്‍ വന്നിട്ടില്ല'; റിപ്പോര്‍ട്ടുകള്‍ തള്ളി മാര്‍പാപ്പ

ക്രൈസ്തവ സമൂഹത്തിന്റെ പരമാധ്യക്ഷ സ്ഥാനം താന്‍ ഒഴിയാനൊരുങ്ങുന്നെന്ന അഭ്യൂഹങ്ങള്‍ തള്ളി ഫ്രാന്‍സിസ് മാര്‍പാപ്പ. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഈ ആഭ്യൂഹങ്ങള്‍ തെറ്റാണെന്ന് വ്യക്തമാക്കിയത്. താന്‍ അര്‍ബുദബാധിതനാണെന്ന വാര്‍ത്തകളും അദ്ദേഹം തള്ളി.

‘മാര്‍പാപ്പ സ്ഥാനം ഒഴിയുന്ന കാര്യം ഇതുവരെ ചിന്തിച്ചിട്ടില്ല. ചുമതലകള്‍ നിര്‍വഹിക്കാന്‍ സാധിക്കാത്ത വിധം ആരോഗ്യം മോശമാകുന്ന കാലത്ത് സ്ഥാനമൊഴിഞ്ഞേക്കും. എന്നാല്‍ ഇതുവരെ അത്തരമൊരു ആലോചന മനസ്സില്‍ വന്നിട്ടേയില്ല’ മാര്‍പ്പാപ്പ പറഞ്ഞു.

ആരോഗ്യം മെച്ചപ്പെട്ടു വരികയാണെന്നും കാല്‍മുട്ടില്‍ ചെറിയ പൊട്ടല്‍ ഉണ്ടായത് ഭേദപ്പെട്ടു വരുന്നുവെന്നും മാര്‍പാപ്പ വ്യക്തമാക്കി. കാല്‍മുട്ട് വേദന കാരണം മാര്‍പാപ്പ അടുത്തിടെ വീല്‍ചെയറിലാണ് പൊതുവേദികളില്‍ എത്തിയത്.

ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് അടുത്തിടെ ചില വിദേശയാത്രകള്‍ അദ്ദേഹം അവസാന നിമിഷം റദ്ദാക്കിയിരുന്നു. ഇതോടെയാണ് മാര്‍പാപ്പ അനാരോഗ്യം കാരണം പദവി ഒഴിയുമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചത്.