'ഞങ്ങള്‍ അവരെ പൂര്‍ണ്ണമായും എഴുതിത്തള്ളുന്നു'; അഫ്ഗാനിസ്താനിലെ താലിബാന്‍ ഭരണകൂടവുമായി ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടെന്ന് പാകിസ്ഥാൻ

അഫ്ഗാനിസ്താനിലെ താലിബാന്‍ ഭരണകൂടവുമായി ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടെന്ന് പാകിസ്ഥാൻ. പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പൂര്‍ണമായും തകര്‍ന്നുവെന്ന് പരസ്യമായി സമ്മതിച്ചത്. ഞങ്ങള്‍ അവരെ പൂര്‍ണ്ണമായും എഴുതിത്തള്ളുന്നുവെന്നും ഖ്വാജ ആസിഫ് പറഞ്ഞു. പാക് മാധ്യമമായ ജിയോ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഖ്വാജ ആസിഫിന്റെ പരാമര്‍ശം.

താലിബാന്‍ കാബൂള്‍ പിടിച്ചെടുത്തതിന് ശേഷം താന്‍ വ്യക്തിപരമായി അവരെ സ്വാഗതം ചെയ്യുകയും ബന്ധങ്ങള്‍ സുസ്ഥിരമാക്കുന്നതിനായി പലതവണ അഫ്ഗാനിസ്താനിലേക്ക് പോവുകയും ചെയ്തു എന്നും എന്നാല്‍, അതൊന്നും പ്രയോജയപ്പെട്ടില്ലെന്ന് ഖ്വാജ ആസിഫ് പറഞ്ഞു. അഫ്ഗാനിൽനിന്ന് നല്ല മാറ്റത്തിനുള്ള യാതൊരു സാധ്യതയും കാണുന്നില്ല. എല്ലാ പരിധികളും ലംഘിക്കപ്പെടുന്നതുവരെ പ്രതീക്ഷ എപ്പോഴും നിലനില്‍ക്കണം. എന്നാല്‍ ഇന്ന്, ഞങ്ങള്‍ അവരെ പൂര്‍ണ്ണമായും എഴുതിത്തള്ളുകയാണ്, അവരില്‍ ഞങ്ങള്‍ക്ക് ഒരു പ്രതീക്ഷയുമില്ല എന്നും ഖ്വാജ ആസിഫ് കൂട്ടിച്ചേർത്തു.

താലിബാന്‍ തങ്ങളെ ആശ്രയിക്കുമെന്നാണ് പാകിസ്ഥാൻ പ്രതീക്ഷിച്ചിരുന്നതെന്നും എന്നാല്‍ മുഴുവന്‍ സമവാക്യങ്ങളും തലകീഴായി മറിഞ്ഞുവെന്നും ഖ്വാജ ആസിഫ് പറഞ്ഞു. പാക് താലിബാനുമായുള്ള ബന്ധത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനും അഫ്ഗാനിസ്താനും തമ്മിലുള്ള സംഘര്‍ഷം ശമനമില്ലാതെ തുടരുന്നതിനിടെയാണ് ഖ്വാജ ആസിഫിന്റെ പ്രതികരണം.

Read more