ഇറാനില്‍ തിരിച്ചടിച്ച് പാകിസ്ഥാന്‍; ആക്രമണം ബലൂച് വിഘടനവാദികളുടെ ഏഴോളം ക്യാമ്പുകളില്‍

ഇറാന്‍ ആക്രമണത്തിന് പിന്നാലെ തിരിച്ചടിച്ച് പാകിസ്ഥാന്‍. കഴിഞ്ഞ ദിവസമാണ് പാകിസ്ഥാനിലെ തീവ്രവാദ ക്യാമ്പുകള്‍ ആക്രമിച്ചതായി ഇറാന്‍ വ്യക്തമാക്കിയത്. ഇതേ തുടര്‍ന്നാണ് തെക്കന്‍ ഇറാനില്‍ പാകിസ്ഥാന്‍ ആക്രമണം നടത്തിയത്. തെക്കന്‍ ഇറാനിലെ തീവ്രവാദ ക്യാമ്പുകള്‍ ആക്രമിച്ചതായാണ് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചത്.

പാകിസ്ഥാന്‍ ആക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ മാസം ഇറാനിലെ സിസ്താന്‍-ബലൂചിസ്താന്‍ പ്രവിശ്യയില്‍ നടന്ന പൊലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ 11 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. പാകിസ്ഥാന്‍ തീവ്രവാദ സംഘടനയായ ജയ്‌ഷെ അദ്ല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു.

ഇതേ തുടര്‍ന്നാണ് ജയ്‌ഷെ താവളത്തില്‍ ഇറാന്‍ തിരിച്ചടി നടത്തിയത്. ഇരു രാജ്യങ്ങളുടെയും അതിര്‍ത്തി പ്രദേശം കേന്ദ്രീകരിച്ചാണ് ജയ്‌ഷെ അദ്ല്‍ പ്രവര്‍ത്തിക്കുന്നത്. അതേസമയം ബലൂച് വിഘടനവാദികളുടെ ഏഴോളം ക്യാമ്പുകളിലാണ് പാകിസ്ഥാന്‍ ആക്രമണം നടത്തിയത്. എയര്‍ഫോഴ്‌സിന്റെ ഫൈറ്റര്‍ ജെറ്റുകളും ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ആക്രമണം നടത്തിയത്.