കൊറോണ സ്ഥിരീകരിച്ച പാക് പൗരന്മാരെ പാക് അധീന കശ്മീരിലേക്ക് മാറ്റുന്നു; ആശങ്കയോടെ പ്രദേശവാസികള്‍

കൊറോണ രോഗം സ്ഥിരീകരിച്ച പാക് പൗരന്മാരെ പാക് അധീന കശ്മീരിലേക്ക് മാറ്റുന്നു. തദ്ദേശവാസികളുടെ എതിര്‍പ്പിനെ അവഗണിച്ചാണ് പാക് സൈന്യത്തിന്റെ നീക്കം. പാക് അധീന കശ്മീരിന് പുറമെ ഗില്‍ജിത് ബാള്‍ട്ടിസ്ഥാന്‍ മേഖലയിലേക്കും കൊറോണ രോഗികളെ മാറ്റുന്നുണ്ട്.

പാക് അധീന കശ്മീരിലെ മിര്‍പുര്‍ അടക്കമുള്ള പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ പാക് സൈന്യം കൊറോണ ഐസൊലേഷന്‍ സെന്റര്‍ തയ്യാറാക്കിയിട്ടുണ്ട്. പഞ്ചാബ് പ്രവിശ്യയില്‍ നിന്നുള്ള രോഗികളെയാണ് ഇവിടേക്ക് കൊണ്ടുവരുന്നത്.

ഇതിനെതിരെ പ്രദേശവാസികളില്‍നിന്ന് എതിര്‍പ്പ് ശക്തമാണ്. ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങളോ ആരോഗ്യ രക്ഷാ സംവിധാനങ്ങളോ പരിശീലനം സിദ്ധിച്ച ഡോക്ടര്‍മാരെയോ ലഭ്യമല്ലാത്ത തങ്ങളുടെ പ്രദേശങ്ങളിലേക്ക് വലിയ തോതില്‍ പാകിസ്ഥാനിലെ മറ്റ് പ്രദേശങ്ങളിലുള്ള കൊറോണ രോഗികളെ കൊണ്ടുവരുന്നതിനെ ഇവര്‍ ഭീതിയോടെയാണ് നോക്കിക്കാണുന്നത്.

കൊറോണ രോഗികളെ പുറമെ നിന്ന് കൊണ്ടു വരുന്നത് പ്രദേശത്ത് രോഗം പടര്‍ന്നു പിടിക്കാനും തദ്ദേശികളായ കശ്മീരികളെ അപകടത്തിലാക്കുമെന്നുമാണ് ഇവരുടെ ഭയം.

എന്നാല്‍ പ്രതിഷേധങ്ങളെയും ആശങ്കകളെയും പാക് സൈന്യം കണക്കിലെടുത്തിട്ടില്ല. പാക് രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനമുള്ള പഞ്ചാബ് പ്രവിശ്യയെ വെച്ച് നോക്കുമ്പോള്‍ അത്ര പ്രാധാന്യമില്ലാത്ത സ്ഥലങ്ങളാണ് പാക് അധീന കശ്മീരും ഗില്‍ജിത്- ബാള്‍ട്ടിസ്ഥാന്‍ മേഖലകളും.

ചെറിയ അസുഖങ്ങള്‍ക്ക് പോലും മികച്ച ചികിത്സ ലഭിക്കാന്‍ കഷ്ടപ്പെടുന്ന തങ്ങള്‍ക്കിടയില്‍ മഹാമാരി ഇടിത്തീയാകുമെന്നാണ് പ്രദേശവാസികളുടെ ഭീതി. പഞ്ചാബിനെപ്പറ്റി മാത്രമാണ് പാക് സൈന്യം ചിന്തിക്കുന്നതെന്നും. ഇവിടം പാകിസ്ഥാന്റെ ചവറ്റുകൂനയാണെന്നാണ് പാക് സൈന്യം കരുതുന്നതെന്നും പ്രദേശവാസികള്‍ പറയുന്നു.