അവിശ്വാസ പ്രമേയം പരാജയം; ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രിയായി തുടരും

ബ്രിട്ടണില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് എതിരെയുള്ള അവിശ്വാസ പ്രമേയം പരാജയപ്പെട്ടതോടെ അദ്ദേഹം അധികാരത്തില്‍ തുടരും. 211 പാര്‍ട്ടി എംപിമാരാണ് ബോറിസ് ജോണ്‍സണിനെ അനുകൂലിച്ച് വോട്ട് ചെയ്തത്. 148 പേര്‍ എതിര്‍ക്കുകയും ചെയ്തു. പ്രധാനമന്ത്രിക്ക് എതിരെ സ്വന്തം പാര്‍ട്ടിയിലെ എംപിമാര്‍ തന്നെയാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.

കോവിഡ് ലോക്ക്ഡൗണ്‍ സമയത്ത് നിയന്ത്രണങ്ങള്‍ ലംഘിച്ച് ഔദ്യോഗിക വസതിയില്‍ മദ്യസല്‍ക്കാരം നടത്തിയ കാര്യം പുറത്ത് വന്നതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന് എതിരെ സ്വന്തം പാര്‍ട്ടിയിലെ അംഗങ്ങള്‍ രംഗത്തെത്തിയത്. മദ്യ വിരുന്നില്‍ പങ്കെടുത്തെന്ന് സമ്മതിച്ച ബോറിസ് പാര്‍ലമെന്റില്‍ ക്ഷമാപണം നടത്തിയിരുന്നു. എന്നാല്‍ പ്രതിപക്ഷവും ഭരണപക്ഷത്തിലെ ചിലരും രാജിയില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു.

തുടര്‍ന്ന് സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ കമ്മീഷന്‍ രൂപീകരിച്ചു. ബോറിസിന്റെ വസതിയില്‍ മാത്രമല്ല, മറ്റു മന്ത്രി മന്ദിരങ്ങളിലും സമാന രീതിയില്‍ സല്‍ക്കാരങ്ങള്‍ നടന്നെന്നും അതില്‍ ബോറിസ് ജോണ്‍സണും പങ്കെടുത്തെന്നും അന്വേഷണ കമ്മീഷന്‍ കണ്ടെത്തി. ഈ റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം കഴിഞ്ഞ ആഴ്ചയാണ് പുറത്ത് വന്നത്. ഇതോടെയാണ് രാജി ആവശ്യം കൂടുതല്‍ ശക്തമായി.

പാര്‍ലമെന്റിലെ 25 അംഗങ്ങളാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് എതിരെ പരസ്യമായി രംഗത്തെത്തിയത്. ആകെയുള്ള 359 എം.പിമാരില്‍ 211 പേരും അനുകൂലിച്ചും 148 പേര്‍ എതിര്‍ത്തും വോട്ട് ചെയ്തു. വിശ്വാസം തെളിഞ്ഞില്ലെങ്കില്‍ ബോറിസിന് പ്രധാനമന്ത്രി സ്ഥാനം രാജി വയ്‌ക്കേണ്ടി വരുമായിരുന്നു. എന്നാല്‍ അവിശ്വാസ പ്രമേയം പരാജയപ്പെട്ട സാഹചര്യത്തില്‍ കാലാവധി കഴിയുന്ന വരെ അദ്ദേഹത്തിന് പ്രധാനമന്ത്രി സ്ഥാനത്ത് തുടരാം