കെട്ടിടാവശിഷ്ടങ്ങളില്‍ പൊക്കിള്‍ക്കൊടി മുറിയാത്ത ചോരക്കുഞ്ഞും; രക്ഷിച്ചു, പക്ഷേ..

തുര്‍ക്കിയില്‍ ഭൂകമ്പത്തെ തുടര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനിടെ രക്ഷപ്പെടുത്തിയവരില്‍ പൊക്കിള്‍ക്കൊടി വിട്ടുമാറാത്ത ഒരു പിഞ്ചുകുഞ്ഞും. ഭൂകമ്പത്തെത്തുടര്‍ന്ന് നിലംപതിച്ച വടക്കന്‍ സിറിയയിലെ വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്.

ഭൂകമ്പം നടന്ന സ്ഥലത്തുനിന്നു കുഞ്ഞിന്റെ കരച്ചില്‍ കേട്ടാണ് നാട്ടുകാര്‍ ഉള്‍പ്പെടെയുള്ള രക്ഷാപ്രവര്‍ത്തകര്‍ എത്തിയത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കിടന്നാണ് യുവതി കുട്ടിക്ക് ജന്‍മം നല്‍കിയതെന്നു രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. അമ്മയെ ഉള്‍പ്പെടെ കുട്ടിയുടെ കുടുംബത്തിലെ മറ്റാരെയും രക്ഷിക്കാനായില്ല.

കുഞ്ഞ് ഇപ്പോള്‍ അഫ്രിന്‍ പട്ടണത്തിലെ കുട്ടികളുടെ ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ ശരീരത്തില്‍ ചതവുകളും, മുറിവുകളും ഉളളതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഭൂകമ്പത്തെ തുടര്‍ന്ന് നിലംപൊത്തിയ അഞ്ച് നില കെട്ടിടത്തിലാണ് കുട്ടി ഉണ്ടായിരുന്നത്.

അതേസമയം, തുര്‍ക്കി, സിറിയ ഭൂകമ്പത്തില്‍ മരണം 7800 കടന്നു. തുര്‍ക്കിയില്‍ 5,894 പേരും സിറിയയില്‍ 1,932 പേരുമാണ് മരിച്ചത്. 20000ല്‍ അധികം പേര്‍ക്കു പരുക്കേറ്റു. ആറായിരത്തിലേറെ കെട്ടിങ്ങള്‍ ഭൂകമ്പത്തില്‍ തകര്‍ന്നെന്നാണ് കണക്ക്. ഈ കെട്ടിടങ്ങള്‍ക്കിടയിലായി ആയിരത്തോളം പേര്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് വിലയിരുത്തല്‍.