കുഞ്ഞനുജന്റെ തലയില്‍ മണ്ണു വീഴാതിരിക്കാന്‍ കവചമൊരുക്കി ഏഴുവയസുകാരി; അവശിഷ്ടങ്ങള്‍ക്കിടയില്‍ ഉറക്കമിളച്ച് 17 മണിക്കൂര്‍, ലോകത്തിന്റെ കണ്ണ് നനയിച്ച് മനം നിറച്ച് ഒരു ചിത്രം

ഭൂകമ്പം വിതച്ച നാശനഷ്ടങ്ങളുടെ ദുരിതക്കയത്തിലാണ് തുര്‍ക്കിയും സിറിയയും. എങ്ങും വിലാപവും ഞെരക്കങ്ങളും മാത്രം. ഉറക്കത്തിനിടയില്‍ സംഭവിച്ച ദുരിതത്തില്‍ എല്ലാവരും പരസ്പരം നിസഹായരായിരുന്നു. എന്നാല്‍ കൂടെയുറങ്ങിയ അനുജനെ തനിക്കാവുവോളം സംരക്ഷിച്ച ഒരു ഏഴുവയസുകാരിയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി ലോകത്തിന്റെ കണ്ണുനനയിച്ചിരിക്കുന്നത്.

യുഎന്‍ പ്രതിനിധിയായ മുഹമ്മദ് സഫയാണ് ഈ ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന സഹോദരനും സഹോദരിയുമാണ് ചിത്രത്തിലുള്ളത്. സഹോദരന്റെ തലയില്‍ പരിക്കേല്‍ക്കാതിരിക്കാന്‍ കൈ കൊണ്ട് കവചമുണ്ടാക്കിയിരിക്കുകയാണ് ഈ ഏഴു വയസ്സുകാരി.

17 മണിക്കൂറുകളോളം അവള്‍ അങ്ങനെ കൈവെച്ച് ആ കെട്ടിടാവിശിഷ്ടങ്ങള്‍ക്കിടയില്‍ കിടന്നു. ഒടുവില്‍ രക്ഷാപ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ അവരെ അവള്‍ പുഞ്ചിരിയോടെ സ്വീകരിച്ചുവെന്നും മുഹമ്മദ് സഫ ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

എന്നാല്‍ ഈ ചിത്രം തുര്‍ക്കിയില്‍ നിന്നാണോ സിറിയയില്‍ നിന്നാണോ എടുത്തതെന്ന് വ്യക്തമല്ല. ഇതിന്റെ ആധികാരികത സംബന്ധിച്ചും സ്ഥിരീകരണമുണ്ടായിട്ടില്ല. എന്നിരുന്നാലും ഈ ഏഴുവയസുകാരിയുടെ കരുതലിനെ നെഞ്ചോട്ട് ചേര്‍ത്തുകഴിഞ്ഞു ലോകജനത.

അതേസമയം, തുര്‍ക്കി, സിറിയ ഭൂകമ്പത്തില്‍ മരണം 7800 കടന്നു. തുര്‍ക്കിയില്‍ 5,894 പേരും സിറിയയില്‍ 1,932 പേരുമാണ് മരിച്ചത്. 20000ല്‍ അധികം പേര്‍ക്കു പരുക്കേറ്റു. ആറായിരത്തിലേറെ കെട്ടിങ്ങള്‍ ഭൂകമ്പത്തില്‍ തകര്‍ന്നെന്നാണ് കണക്ക്. ഈ കെട്ടിടങ്ങള്‍ക്കിടയിലായി ആയിരത്തോളം പേര്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് വിലയിരുത്തല്‍.

Read more

 കൊടുംതണുപ്പിലും ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഇന്നലെ രാത്രിയും തുടര്‍ന്നു. പലയിടത്തും റോഡുകളടക്കം തകര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളുടെ സഹായം ഇരു രാജ്യങ്ങളിലുമായി എത്തിതുടങ്ങി.