താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മോദിക്ക് ക്ഷണം, സത്യപ്രതിജ്ഞ ചൊവ്വാഴ്ച; ഇന്ത്യയുൾപ്പെടെ 13 രാജ്യങ്ങളെ ക്ഷണിച്ച് ബംഗ്ലാദേശ്

അടുത്ത സർക്കാർ രൂപീകരിക്കാൻ ഒരുങ്ങുന്ന ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) വരാനിരിക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഔദ്യോഗികമായി ക്ഷണിച്ചു. ഇന്ത്യയുമായി കൂടുതൽ ശക്തമായ ബന്ധം കെട്ടിപ്പടുക്കുന്നതിനുള്ള ബിഎൻപി ചെയർമാൻ താരിഖ് റഹ്മാന്റെ തന്ത്രപരമായ ശ്രമമായാണ് ക്ഷണം കാണുന്നത്.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട പാർലമെന്റ് അംഗങ്ങളുടെ സ്ഥാനാരോഹണ ചടങ്ങ് ഫെബ്രുവരി 17ന് നടക്കുമെന്ന് കാബിനറ്റ് സെക്രട്ടറി ഡോ. ഷെയ്ഖ് അബ്ദുർ റാഷിദ് പറഞ്ഞു. ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവായ പ്രൊഫസർ മുഹമ്മദ് യൂനുസ് പുതിയ മന്ത്രിസഭ രൂപീകരണത്തിന് സാക്ഷ്യം വഹിക്കാൻ 13 രാജ്യങ്ങളിൽ നിന്നുള്ള നേതാക്കളെ ക്ഷണിച്ചിട്ടുണ്ട്.

ചൈന, സൗദി അറേബ്യ, തുർക്കി, പാകിസ്ഥാൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഖത്തർ, മലേഷ്യ, ബ്രൂണൈ, ശ്രീലങ്ക, നേപ്പാൾ, മാലിദ്വീപ്, ഭൂട്ടാൻ എന്നീ രാജ്യങ്ങളും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് നയതന്ത്ര വൃത്തങ്ങൾ സ്ഥിരീകരിച്ചു. ധാക്കയിലെ ദേശീയ പാർലമെന്റിന്റെ സൗത്ത് പ്ലാസയിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് ചടങ്ങ് നടക്കും.