യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള സയ്യിദ് അലി ഖമേനിയുടെ ഔദ്യോഗിക വിലാപയാത്രയിലും സംസ്‌കാര ചടങ്ങുകളിലും പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ഷണം. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ പ്രധാനമന്ത്രിയെ ഔദ്യോഗികമായി ക്ഷണിച്ചത്.
മേഖലയിലെ സംഘർഷം കാരണം മാർച്ച് ആദ്യം നടത്താനിരുന്ന സംസ്‌കാര ചടങ്ങുകൾ മാറ്റി വയ്ക്കുകയായിരുന്നു. ജൂലൈ 4, 5 തീയതികളിൽ രാജ്യ തലസ്ഥാനമായ ടെഹ്റാനിൽ വിടവാങ്ങൽ ചടങ്ങ് നടക്കും. ജൂലൈ 9ന് ജൻമനാടായ മഷാദ് നഗരത്തിൽ നടക്കുന്ന ചടങ്ങിന് ശേഷം ഇമാം റെസായുടെ ശവകുടീരത്തിന് അടുത്തായി ഖമേനിയുടെ ഭൗതികശരീരം സംസ്‌കരിക്കും. ഇന്ത്യയെക്കൂടാതെ റഷ്യ, ചൈന, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഇറാഖ് തുടങ്ങി വിവിധ രാജ്യങ്ങളിലെ നേതാക്കളും ചടങ്ങിൽ പങ്കെടുക്കും.
Read more
ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രയേലും നടത്തിയ ആദ്യഘട്ട ആക്രമണങ്ങളിലാണ് ഖമനേയി കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഖമനേയിയുടെ മകനും പിൻഗാമിയുമായ മുജ്തബ ഖമനേയിക്കും പരിക്കേറ്റിരുന്നു. അധികാരം ഏറ്റെടുത്തതിനുശേഷം അദ്ദേഹം പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. ഖമേനിയുടെ മകൾ സഹ്ദ ഹദ്ദാദ് ആദിൽ, ഭർത്താവ് മിസ്ബാഹ് അൽ ഹുദ ബഗേരി എന്നിവരും ഇവരുടെ മകനും ഖമനേയിക്കൊപ്പം കൊല്ലപ്പെട്ടിരുന്നു.







