'ഒരു സ്ഥാപനം പോലും സ്വകാര്യവൽക്കരിക്കില്ല, ജനങ്ങളുടെ തലയിൽ നികുതിഭാരം കെട്ടിവയ്ക്കാതെ ഖജനാവ് നിറയ്ക്കും'; മുഖ്യമന്ത്രി

ജനങ്ങളുടെ തലയിൽ നികുതിഭാരം കെട്ടിവയ്ക്കാതെ ഖജനാവ് നിറയ്ക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ഞങ്ങൾക്ക് കൃത്യമായ നയമുണ്ടെന്നും പൊതുമേഖല സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ പോകുന്നവയല്ല എന്നും വി ഡി സതീശൻ പറഞ്ഞു. പൊതുമേഖലാ സ്ഥാപനം സ്വകാര്യവൽക്കരിക്കുന്നതിനെ കുറിച്ച് ഒരു വാക്കുപോലും ബജറ്റിൽ ഇല്ല എന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു. ബജറ്റ് ചര്‍ച്ചയില്‍ നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

വെള്ളാനകളായ പൊതുമേഖലാ സ്ഥാപനങ്ങളെ ഉണ്ടാക്കി ശമ്പളം കൊടുക്കുകയല്ല സർക്കാരിൻറെ നയമെന്നും മുഖ്യമന്ത്രി നിയമസഭയിൽ മറുപടി പറഞ്ഞു. കൃത്യമായ പരിപാടികൾ ആവിഷ്കരിച്ച് പൊതുമേഖല സ്ഥാപനങ്ങളെ ശക്തമാക്കും ലാഭകരമാക്കും. ഭാവി കേരളത്തെ കെട്ടിപ്പടുക്കാനുള്ള ഉറപ്പാണ് ജനങ്ങൾക്ക് നൽകിയത്. അതിന് തുടക്കം കുറിക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് സർക്കാർ. ഭാവിയെ കെട്ടിപ്പടുക്കാനുള്ള ഒരു ഡോക്യുമെന്റ് അവതരിപ്പിച്ചു.

Read more

പരമ്പരാഗത രീതിയിൽ അവതരിപ്പിച്ച ബജറ്റ് അല്ല. കാലഹരണപ്പെട്ട കാര്യങ്ങൾ മാറ്റി നിർത്തി ഓരോ മേഖലയിലും എക്സ്പെർട്ടിനെ വെക്കുകയാണ്. വയോജനങ്ങളെ സംരക്ഷിക്കണം. നന്നായി പഠിച്ചിട്ടാണ് വയോജനങ്ങൾക്കായി വകുപ്പ് ഉണ്ടാക്കിയിരിക്കുന്നത്. ഒരാളും സാമൂഹികമായി ഒറ്റപ്പെടില്ലെന്ന് ഈ സർക്കാർ ഉറപ്പുവരുത്തും. അശരണരെ ചേർത്തുനിർത്താനാണ് വൺ കേരള പദ്ധതി. ജനങ്ങളുടെ തലയിൽ ഭാരം കെട്ടിവെക്കാതെ തന്നെ ഖജനാവ് നിറയ്ക്കും.ജനങ്ങളുടെ തലയിൽ നികുതിഭാരം കെട്ടിവെച്ചിട്ടല്ല ഖജനാവ് നിറയ്ക്കേണ്ടത് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു.