ഗള്‍ഫിന് മുകളില്‍ വീണ്ടും ന്യൂനമര്‍ദ്ദം; ആലിപ്പഴം വര്‍ഷിച്ച് രണ്ടു ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; പൊതുജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം പുറത്തിറക്കി

ഗള്‍ഫിന് മുകളില്‍ വീണ്ടും ന്യൂനമര്‍ദ്ദം, ഇന്നു മുതല്‍ 25 വരെ ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്. ന്യൂനമര്‍ദ്ദത്തിന്റെ ഭാഗമായി ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ആലിപ്പഴവും വര്‍ഷിക്കും.

നാളെ ബുറൈമി, തെക്ക്-വടക്ക് ബാത്തിന, ദാഹിറ, മസ്‌കത്ത്, ദാഖിലിയ, വടക്ക്-തെക്ക് ശര്‍ഖിയ, മുസന്ദം ഗവര്‍ണറേറ്റുകളിലെ വിവിധ ഇടങ്ങളില്‍ 10 മുതല്‍ 30 മില്ലിമീറ്റര്‍വരെ മഴ ലഭിച്ചേക്കും.

നാളെ അല്‍ഹജര്‍ പര്‍വതനിരകളിലും അവയുടെ സമീപ പ്രദേശങ്ങളിലും അഞ്ചുമുതല്‍ 20 മില്ലിമീറ്റര്‍വരെ മഴ പെയ്‌തേക്കും. ഇത് ഒമാന്‍ കടലിന്റെ തീരപ്രദേശങ്ങളിലേക്കും എത്തിയേക്കും. 25ന് വിവിധ ഇടങ്ങളിലായി അഞ്ചു മുതല്‍ 15 മില്ലിമീറ്റര്‍വരെ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ശകതമായ മഴ മുന്നറിയിപ്പ് ഉണ്ടായ പാശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന്
സിവില്‍ ഏവിയേഷന്‍ അതോറിറ്റി നിര്‍ദേശിച്ചു.