ലങ്കയില്‍ ആഭ്യന്തരകലാപം രൂക്ഷം, മന്ത്രിമന്ദിരങ്ങള്‍ക്ക് തീയിട്ട് പ്രക്ഷോഭകര്‍; മഹിന്ദ രജപക്‌സെ ഒളിവില്‍?

ശ്രീലങ്കയില്‍ ആഭ്യന്തര കലാപം രൂക്ഷമാകുന്നു. കൊളംബോയിലെ കലാപത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി ഉയര്‍ന്നു. അക്രമത്തിന് പ്രേരിപ്പിച്ചതിന് മഹിന്ദ രാജപക്സെയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം ശക്തമായി. ഇന്നലെ പ്രതിഷേധക്കാര്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി വളഞ്ഞതിന് പിന്നാലെ ഇന്ന് പുലര്‍ച്ചെയാണ് മഹിന്ദയെ സൈന്യം രക്ഷപ്പെടുത്തിയത്. രാജിവച്ച് ഒഴിഞ്ഞ മഹിന്ദ രജപക്‌സെ നിലവില്‍ ഒളിവിലാണെന്നാണ് വിവരം.

പ്രധാനമന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സമാധാനപരമായി പ്രതിഷേധിച്ചിരുന്നവര്‍ക്ക് നേരെ മഹീന്ദ രാജപക്സെയുടെ അനുയായികള്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്നാണ് ആഭ്യന്തര കലാപം ഉണ്ടായത്. 225 ലധികം പേര്‍ക്ക് കലാപത്തില്‍ പരിക്കേറ്റിട്ടുണ്ട്. പ്രധാനമന്ത്രിയുടെ കുരുനഗലയിലെ വീടിന് നേരെയും രാജിവെച്ച മന്ത്രിമാരുടെയും എംപിമാരുടെയും വീടുകള്‍ക്ക് നേരെയും അക്രമങ്ങള്‍ അരങ്ങേറിയിരുന്നു. രാഷ്ട്രീയക്കാരുടെ വീടുകള്‍ക്ക് പ്രതിഷേധക്കാര്‍ തീവച്ചു.

മന്ത്രിസഭയിലുണ്ടായിരുന്ന 10 പേരുടെ വീടുകളും സ്ഥാപനങ്ങളുമാണ് നശിപ്പിച്ചത്. 13 എം.പിമാരുടെ വീടുകള്‍ കത്തിച്ചു. അക്രമ സംഭവങ്ങള്‍ രൂക്ഷമായതിനെ തുടര്‍ന്ന് രാജ്യം മുഴുവനും കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. രാജ്യത്തെ ട്രെയിന്‍ സര്‍വീസുകള്‍ ഉള്‍പ്പടെ നിര്‍ത്തി.

പാര്‍ലമെന്റ് വിളിച്ചുകൂട്ടി സ്ഥിതിഗതികള്‍ ചര്‍ച്ചചെയ്യണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടെങ്കിലും പ്രസിഡന്റ് ഗോതബയ രജപക്‌സെ ഇതിനോടു പ്രതികരിച്ചിട്ടില്ല.

മഹിന്ദ രാജപക്‌സെയുടെ അനുയായികൾ സർക്കാർ വിരുദ്ധ പ്രക്ഷോഭകർക്കെതിരെ ആക്രമണം അഴിച്ചു വിട്ടതോടെയാണ് പ്രതിഷേധം ശക്തമായത്. ഏപ്രില്‍ 9 മുതല്‍ പ്രസിഡന്റ് ഗോതബായ രാജപക്സെയുടെ ഔദ്യോഗിക വസതിക്ക് പുറത്ത് ക്യാമ്പ് ചെയ്ത സര്‍ക്കാര്‍ വിരുദ്ധ പ്രകടനക്കാരുടെ കൂടാരങ്ങളും പ്ലക്കാര്‍ഡുകളും രാജപക്സെ വിശ്വസ്തര്‍ നേരത്തെ നശിപ്പിച്ചിരുന്നു.  അവരുടെ ടെന്റുകള്‍ പൊളിക്കുകയും പ്ലക്കാര്‍ഡുകള്‍ വലിച്ചികീറുകയും ചെയ്തു.തുടര്‍ന്ന് പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. ഇതോടെയാണ്  കൊളംബോയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചത്‌.