ഡെമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡൻ്റ് സ്ഥാനാർത്ഥിയായി കമല ഹാരിസിനെ പ്രഖ്യാപിച്ചു; അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യം

ഇന്ത്യന്‍ അമേരിക്കന്‍ വംശജയായ കമല ഹാരിസിനെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമായാണ് കറുത്ത വര്‍ഗ്ഗക്കാരിയായ ഇന്ത്യന്‍ അമേരിക്കന്‍ വംശജ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാവുന്നത്. ഡെമോക്രാറ്റിക് പാർട്ടി കൺവെൻഷൻ്റെ മൂന്നാം ദിനത്തിലാണ് കമല ഹാരിസിൻ്റെ സ്ഥാനാ‍ർത്ഥിത്വം ഔദ്യോ​ഗികമായി പ്രഖ്യാപിച്ചത്. ഒബാമ, ഹിലരി ക്ലിൻ്റൺ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് കമലയുടെ സ്ഥാനാ‍ർത്ഥി പ്രഖ്യാപനമുണ്ടായത്.

അഭിഭാഷകയായ കമല നിലവില്‍ കാലിഫോര്‍ണിയയില്‍ നിന്നുള്ള സെനറ്റംഗമാണ്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ അമേരിക്ക പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡനൊപ്പമാകും കമല ഹാരിസ് ട്രംപിനെ നേരിടുക.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായാണ് കമല തന്റെ പ്രചാരണത്തിന് തുടക്കം കുറിച്ചത്. ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വം പരാജയമായതിനെ തുടര്‍ന്ന് നിരവധി പേര്‍ക്ക് ജീവനും ജീവിതവും നഷ്ടമായി. അമേരിക്ക തൊഴില്‍ നഷ്ടത്തിന്റേയും ജീവനഷ്ടത്തിന്റേയും രാജ്യമായി മാറി. അമേരിക്കയുടെ മൂല്യം സംരക്ഷിക്കുമെന്നും കമല പറഞ്ഞു. പുതിയ അമേരിക്കയെ സൃഷ്ടിക്കുന്നതിന് ജോ ബൈഡനേയും തന്നെയും വിജയിപ്പിക്കണമെന്നും കമല ആവശ്യപ്പെട്ടു.

ഒരു പ്രമുഖ പാര്‍ട്ടിയുടെ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥിയായി നിര്‍ദേശിക്കപ്പെടുന്ന നാലാമത്തെ വനിതയാണ് കമല. കമലയുടെ മാതാവ് ശ്യാമള ഗോപാലന്‍ ഇന്ത്യക്കാരിയാണ്. തമിഴ്‌നാട്ടില്‍ ചെന്നൈയില്‍ നിന്നുള്ള ശ്യാമള 1960-കളില്‍ അമേരിക്കയിലേക്കു കുടിയേറുകയായിരുന്നു. പിതാവ് ഡോണള്‍ഡ് ഹാരിസ് ജമൈക്കന്‍ വംശജനും.

കമല സെനറ്റർ എന്ന നിലയിൽ നടത്തിയ മികച്ച പ്രവർത്തനത്തെ തുടർന്നാണ് ഡെമോക്രാറ്റിക് പാർട്ടിയുടെ വിശ്വസ്തയായി മാറിയതും വൈസ് പ്രസിഡൻ്റ് മത്സരാർത്ഥിയായി ജോ ബൈഡൻ്റെ പിന്തുണ നേടിയെടുത്തതും. മുൻ അറ്റോ‍ർണി ജനറലായിരുന്ന കമല ജോ ബൈഡൻ്റെ അന്തരിച്ച മകൻ ബ്യൂ ബൈഡൻ്റെ അടുത്ത അനുയായി ആയിരുന്നു. ജമൈക്കൻ പൗരനാണ് കമലയുടെ പിതാവ്. അമേരിക്കൻ വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന മൂന്നാമത്തെ വനിതയും ആദ്യത്തെ ആഫ്രിക്കൻ-ഏഷ്യൻ വംശജ്ഞയുമാണ് കമല.

Read more

2020-ല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനിരുന്ന കമല കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആ നീക്കത്തില്‍ നിന്ന് പിന്മാറിയത് വാര്‍ത്താശ്രദ്ധ നേടിയിരുന്നു. മിസ് യൂ കമല എന്ന പരിഹാസവുമായി ട്രംപ് അടക്കമുള്ളവര്‍ രംഗത്തെത്തുകയുമുണ്ടായി. വിഷമിക്കേണ്ട മിസ്റ്റര്‍ പ്രസിഡന്റ്, നിങ്ങളുടെ വിചാരണയില്‍ ഞാന്‍ നിങ്ങളെ കാണും. ഞാന്‍ ശതകോടീശ്വരിയൊന്നുമല്ല. എനിക്ക് പ്രചാരണത്തിനായി സ്വന്തമായി പണം കണ്ടെത്താനാകില്ല. പ്രചാരണം തുടരുന്നതിനനുസരിച്ച് ഞങ്ങള്‍ക്ക് മത്സരിക്കേണ്ട പണം കണ്ടെത്തുക എന്നത് ദുര്‍ഘടമാകും. എന്നാണ് അന്ന് കമല തിരിച്ചടിച്ചത്.