വേദന സംഹാരികളില്‍ മയക്കുമരുന്ന്; ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിയ്ക്ക് വീണ്ടും കോടികളുടെ പിഴ

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിക്ക് കോടികളുടെ പിഴ ചുമത്തി അമേരിക്കന്‍ കോടതി. മയക്കുമരുന്നിന്റെ അംശമുള്ള വേദന സംഹാരികളിലൂടെ ജനങ്ങളെ മരുന്നിന്റെ അടിമകളാക്കിയെന്ന കേസിലാണ് ശിക്ഷ. അപ്പീല്‍ നല്‍കുമെന്ന് കമ്പനി അയച്ചു.

ബഹുരാഷ്ട്ര കമ്പനിയായ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ 572 മില്യണ്‍ ഡോളറാണ് കോടതി പിഴ ചുമത്തിയത്. അമേരിക്കയിലെ ഒക്ലഹോമ കോടതിയുടേതാണ് വിധി. യു.എസില്‍ ഏറ്റവും വില്‍ക്കപെടുന്ന വേദന സംഹാരികളാണ് ജോണ്‍സണിന്റേത്. മരുന്നിലൂടെ ജനതയെ അടിമകളാക്കിയെന്നതാണ് കേസ്.

അമേരിക്കയിലെ രോഗ പ്രതിരോധ, നിയന്ത്രണ കേന്ദ്രങ്ങളുടെ  കണക്ക് പ്രകാരം മരുന്നിന്റെ ഉപയോഗം കാരണം 1999 മുതല്‍ 2017 വരെയുള്ള കാലയളവില്‍ നാല് ലക്ഷത്തോളം ആളുകള്‍ മരിച്ചു. അമിത പരസ്യത്തിലൂടെ ജനങ്ങളെ മാത്രമല്ല ഡോക്ടര്‍മാരെ വരെ സ്വാധീനിച്ച് പൊതുശല്യമായി മാറി എന്നും കോടതി വിമര്‍ശിച്ചു.

ജോണ്‍സണിന്റെ മറ്റ് ഉത്പന്നങ്ങളും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇടയാക്കുന്നതായി നേരത്തെ തെളിഞ്ഞിരുന്നു. ഇതിന് മുമ്പും ജോണ്‍സണ്‍ ആന്റ് ജോണ്‍സണ് പിഴ ലഭിച്ചിട്ടുണ്ട്. നിലവില്‍ കമ്പനിക്കെതിരെ വിവിധ രാജ്യങ്ങളിലായി മൂവായിരത്തിലധികം കേസുകളുണ്ട്.