ഞങ്ങള്‍ക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കളുണ്ട്, മറ്റ് രാജ്യങ്ങള്‍ക്കും നല്‍കാന്‍ തയ്യാര്‍; ബൈഡനോട് മോദി

 

പലരാജ്യങ്ങളും കടുത്ത ഭക്ഷ്യക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ ഭക്ഷ്യവസ്തുക്കള്‍ നല്‍കാന്‍ ഇന്ത്യ തയാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുക്രെയ്ന്‍-റഷ്യ യുദ്ധം മൂലം പല സ്ഥലങ്ങളിലും ഭക്ഷ്യവസ്തുക്കള്‍ക്ക് ക്ഷാമം അനുഭവപ്പെടുകയാണെന്ന് മോദി പറഞ്ഞു.

80 കോടി പേര്‍ക്കാണ് ഇന്ത്യ സൗജന്യമായി ഭക്ഷ്യവസ്തുക്കള്‍ നല്‍കുന്നത്. ഇപ്പോള്‍ ലോകത്ത് ഭക്ഷ്യവസ്തുക്കള്‍ക്ക് വലിയ ക്ഷാമം അനുഭവപ്പെടുകയാണ്. ലോകവ്യാപാര സംഘടനയുടെ അനുമതി ലഭിക്കുമെങ്കില്‍ ഭക്ഷ്യവസ്തുക്കള്‍ ലോകരാജ്യങ്ങള്‍ക്ക് കൈമാറാന്‍ തയാറാണെന്ന് താന്‍ യു.എസ് പ്രസിഡന്റ് ബൈഡനെ അറിയിച്ചതായി മോദി പറഞ്ഞു.

ഞങ്ങളുടെ ജനങ്ങള്‍ക്ക് വേണ്ട ഭക്ഷണം ഇവിടെയുണ്ട്. എന്നാല്‍, ഇന്ത്യയിലെ കര്‍ഷകര്‍ വിചാരിക്കുകയാണെങ്കില്‍ ലോകരാജ്യങ്ങളേയും അവര്‍ക്ക് പോറ്റാന്‍ സാധിക്കും. നിയമങ്ങള്‍ അനുസരിച്ച് മാത്രമേ ഇന്ത്യക്ക് പ്രവര്‍ത്തിക്കാനാവു. ഇക്കാര്യത്തില്‍ ലോക വ്യാപാര സംഘടനയുടെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.