അക്രമാസക്തമായ ഹിന്ദു തീവ്രവാദത്തെ കുറിച്ച് സംസാരിക്കാന്‍ സമയമായി: മീന ഹാരിസ്

കര്‍ഷകർക്കും അവരുടെ പ്രതിഷേധത്തെ പിന്തുണയ്ക്കുന്നവർക്കും നേരെ ഹിന്ദുത്വ സംഘടനകൾ നടത്തുന്ന അക്രമങ്ങൾക്കെതിരെ പ്രതികരിച്ച് യു.എസ് വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ മരുമകളും അഭിഭാഷകയുമായ മീന ഹാരിസ്. അക്രമാസക്തമായ ഹിന്ദു തീവ്രവാദത്തെ കുറിച്ച് സംസാരിക്കാന്‍ സമയമായി എന്ന് മീന ഹാരിസ് ട്വീറ്റ് ചെയ്തു.

‘കഴിഞ്ഞ ആഴ്ച മാത്രം ഇന്ത്യയിൽ നടന്ന, നിങ്ങൾ കണ്ട കാര്യങ്ങള്‍ എടുക്കുകയാണെങ്കില്‍ പോലും ‘അക്രമാസക്തമായ ഹിന്ദു തീവ്രവാദത്തെ കുറിച്ച് സംസാരിക്കാന്‍ സമയമായി’ എന്ന് ഈ തലക്കെട്ട് മാറ്റിവായിക്കാം. ഇതെല്ലാം പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു,’ മീന ഹാരിസിന്റെ ട്വീറ്റില്‍ പറയുന്നു.

യു.എസിലെ അക്രമാസക്തമായ ക്രിസ്ത്യന്‍ തീവ്രവാദത്തെ കുറിച്ച്‌ സംസാരിക്കാൻ സമയമായി എന്ന തലക്കെട്ടിൽ വന്ന ലേഖനത്തിന്റെ സ്‌ക്രീന്‍ ഷോട്ടിനൊപ്പമാണ് ഹിന്ദു തീവ്രവാദത്തിനെതിരെ മീന ഹാരിസ് ട്വീറ്റ് ചെയ്തത്.

കർഷക പ്രക്ഷോഭത്തിന് ആഗോള ശ്രദ്ധ നേടികൊടുത്തു കൊണ്ട് പോപ്പ് താരം റിഹാന കാലാവസ്ഥ പ്രവർത്തക ഗ്രെറ്റ തന്‍ബര്‍ഗ് എന്നിവർ പിന്തുണയുമായി മുന്നോട്ട് വന്നതിന് പിന്നാലെയാണ് മീന ഹാരിസും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചത്.

അതേസമയം ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ വിദേശികൾ അഭിപ്രായം പ്രകടിപ്പിക്കേണ്ട എന്ന് വാദിച്ച് കൊണ്ട് കേന്ദ്ര മന്ത്രിമാരും ബോളിവുഡ് താരങ്ങളും ഉൾപ്പെടെ നിരവധി പ്രമുഖർ പ്രതികരിച്ചിരുന്നു. കേന്ദ്ര സർക്കാരിനെ അനുകൂലിക്കുന്ന ആൾക്കൂട്ടം റിഹാനയുടെയും ഗ്രെറ്റ തന്‍ബര്‍ഗിന്റെയും മീന ഹാരിസിന്റെയും ചിത്രങ്ങൾ കത്തിച്ചുകൊണ്ട് പ്രതിഷേധിക്കുകയും ചെയ്തു. അതേസമയം തന്റെ ചിത്രം കത്തിക്കുന്നത് കാണുന്നത് വിചിത്രമായി തോന്നുന്നുവെന്ന് മീന ഹാരിസ് ട്വീറ്റിൽ പറഞ്ഞു.

“തീവ്രവാദികളുടെ ആൾകൂട്ടം നിങ്ങളുടെ ഫോട്ടോ കത്തിക്കുന്നത് കാണുന്നത് വളരെ വിചിത്രമായ അനുഭവമാണ്, നമ്മൾ ഇന്ത്യയിൽ ആയിരുന്നു താമസിച്ചിരുന്നതെങ്കിൽ അവർ എന്തായിരുന്നിരിക്കും ചെയ്യുക എന്ന് ഒന്ന് സങ്കൽപ്പിക്കുക. ഞാൻ പറയാം – 23 വയസുള്ള, തൊഴിൽ അവകാശ പ്രവർത്തകയായ നൗദീപ് കൗറിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും മർദിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. 20 ദിവസത്തിലധികമായി അവളെ ജാമ്യമില്ലാതെ തടഞ്ഞുവച്ചിരിക്കുകയാണ്.” മീന ഹാരിസ് ട്വീറ്റ് ചെയ്തു.